പാക്കിസ്ഥാന്റെ ആറ് വ്യോമയാന യുദ്ധവിമാനങ്ങള്‍, രണ്ട് ഹൈവാല്യു വിമാനങ്ങള്‍, പത്തിലധികം കോംമ്പാറ്റ് ഏരിയല്‍ വാഹനങ്ങള്‍ (യുസിഎവി), ഒരു സി-130 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ഒന്നിലധികം ക്രൂസ് മിസൈലുകള്‍ എന്നിവ ഇന്ത്യ സേന തകര്‍ത്തു. നാല് ദിവസങ്ങള്‍ നീണ്ടുനിന്ന ഇന്ത്യ-പാക് സംഘര്‍ഷങ്ങളില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' പാക്കിസ്ഥാനിലെ എട്ട് കേന്ദ്രങ്ങള്‍ കൂടി ലക്ഷ്യമിട്ടതായുള്ള പാക്കിസ്ഥാന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനുപിന്നാലെയാണ് ആക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായ പാക് പ്രതിരോധ സംവിധാനങ്ങളുടെ കണക്കുകളും പുറത്തുവന്നിരിക്കുന്നത്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
advertisement
'ഓപ്പറേഷന്‍ സിന്ദൂറി'നെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന് വരുത്തിയ നഷ്ടങ്ങള്‍ വിശകലനം ചെയ്യുന്നതിനിടയിലാണ് ജെറ്റുകളും മറ്റ് സംവിധാനങ്ങളും ആക്രമണത്തില്‍ തകര്‍ത്തതായി വെളിപ്പെടുത്തിയിട്ടുള്ളതെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമസേനയില്‍ നിന്നും ലഭിക്കുന്ന സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്റെ ആറ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ സേന വെടിവെച്ചിട്ടിട്ടുണ്ട്.
അതുപോലെ തന്നെ ഒരു ഇലക്ട്രോണിക് പ്രതിരോധ വിമാനമോ എയര്‍ബോണ്‍ ഏര്‍ലി വാണിങ് അല്ലെങ്കില്‍ കണ്‍ട്രോള്‍ എയര്‍ക്രാഫ്‌റ്റോ ആകാവുന്ന ഒരു ഹൈ വാല്യു എയര്‍ക്രാഫ്റ്റും പാക്കിസ്ഥാന് നഷ്ടമായി. ഏകദേശം 300 കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് സുദര്‍ശന്‍ മിസൈല്‍ ഉപയോഗിച്ച് നടത്തിയ ദീര്‍ഘദൂര ആക്രമണത്തിലൂടെ ഇവ നശിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.
നാല് ദിവസം നീണ്ട സംഘര്‍ഷത്തിനിടെ ഭോലാരി വ്യോമതാവളത്തില്‍ എയര്‍-സര്‍ഫേസ് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ സ്വീഡിഷ് നിര്‍മ്മിത എഇഡബ്ല്യുസി എയര്‍ക്രാഫ്റ്റും പാക്കിസ്ഥാന് നഷ്ടമായി. ഹങ്കറുകളിലെ യുദ്ധ വിമാനങ്ങളുടെ സാന്നിധ്യം സംബന്ധിച്ചും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, പാക്കിസ്ഥാനികള്‍ അവിടെ നിന്ന് അവശിഷ്ടങ്ങള്‍ പോലും നീക്കം ചെയ്തിട്ടില്ല. അതിനാല്‍ നിലത്തുണ്ടായ നഷ്ടങ്ങള്‍ കണക്കാക്കിയിട്ടില്ലെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക് താവളങ്ങളെ ആക്രമിക്കാന്‍ ഇന്ത്യന്‍ വ്യോമസേന വായുവിലൂടെ വിക്ഷേപിക്കുന്ന ക്രൂസ് മിസൈലുകള്‍ മാത്രമാണ് ഉപയോഗിച്ചത്. ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് അയക്കുന്ന ബ്രഹ്മോസ് മിസൈലുകള്‍ ആക്രമണങ്ങളില്‍ ഉപയോഗിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.
റാഫേലും സു30 ജെറ്റുകളും ഉപയോഗിച്ച് ഒരു ഹങ്കറില്‍ നടത്തിയ ആക്രമണത്തില്‍ ചൈനീസ് വിംഗ് ലൂംഗ് സീരീസ് മീഡിയം ആള്‍ട്ടിറ്റിയൂഡ് ലോംഗ് എന്‍ഡുറന്‍സ് ഡ്രോണുകളുടെ വലിയ ശേഖരം നശിപ്പിക്കപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പത്തിലധികം യുസിഎവികളും നശിപ്പിക്കപ്പെട്ടു. വിവിധ വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി നിലത്തു നിന്ന് വിക്ഷേപിച്ച ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും ഇന്ത്യ തകര്‍ത്തതായി റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, മേയ് ആറ്, ഏഴ് തീയതികളില്‍ നടത്തിയ ആക്രമണങ്ങളുടെ നഷ്ടം ഇന്ത്യ ഇപ്പോഴും കണക്കാക്കികൊണ്ടിരിക്കുകയാണ്. 'ഓപ്പറേഷന്‍ സിന്ദൂറി'ന് തുടക്കം കുറിച്ചത് ഈ ദിവസങ്ങളിലാണ്. പഹല്‍ഗാമില്‍ 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാര നടപടിയായിട്ടായിരുന്നു ഈ സൈനിക നീക്കം. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് എത്തി.
'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. 100-ല്‍ അധികം ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. മേയ് 10 വരെ നീണ്ട സംഘര്‍ഷം പാക്കിസ്ഥാന്‍ മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ വെടിനിര്‍ത്തല്‍ ധാരണയിലാണ് അവസാനിച്ചത്.