ഓപ്പറേഷന്‍ സിന്ദൂറിനിടെ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ മിസൈല്‍ പതിച്ചുവെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ഈ അവകാശവാദം മേയ് 10ന് കാബൂള്‍ നിഷേധിച്ചിരുന്നു.
തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോര്‍ട്ടുകളിലൂടെ ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമിടയില്‍ വിള്ളലുണ്ടാക്കാന്‍ പാകിസ്താന്‍ നടത്തിയ ശ്രമങ്ങളെ അഫ്ഗാന്‍ ശക്തമായി നിഷേധിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ജയ്ശങ്കര്‍ പറഞ്ഞു. ഏപ്രില്‍ 22ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെ അഫ്ഗാന്‍ സര്‍ക്കാര്‍ അപലപിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു.
''വ്യാഴാഴ്ച വൈകുന്നേരം ആക്ടിംഗ് അഫ്ഗാന്‍ വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്തഖിയുമായി നല്ലരീതിയിൽ സംഭാഷണം നടത്തി. പഹൽഗാം ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചതിനെ അഭിനന്ദിക്കുന്നു,'' അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
advertisement
''തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോര്‍ട്ടുകള്‍ വഴി ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയില്‍ അവിശ്വാസം സൃഷ്ടിക്കാനുള്ള പാകിസ്ഥാന്റെ സമീപകാല ശ്രമങ്ങളെ അദ്ദേഹം ശക്തമായി നിരസിച്ചു,'' ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ സൗഹൃദം അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും ഇരുരാജ്യങ്ങളും തമ്മിൽ ഭാവിയില്‍ നടത്താനുള്ള സഹകരണത്തെക്കുറിച്ച് മുത്തഖിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
''അഫ്ഗാന്‍ ജനതയുമായുള്ള ഞങ്ങളുടെ പരമ്പരാഗത സൗഹൃദവും അവരുടെ വികസന ആവശ്യങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പിന്തുണയും ഞങ്ങള്‍ അടിവരയിട്ടു പറഞ്ഞു. സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തു,'' അദ്ദേഹം പറഞ്ഞു.
ഇന്ത്യ അഫ്ഗാനില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് അഫ്ഗാന്‍ അറിയിച്ചിരുന്നു. പാകിസ്ഥാന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് എനൈത്തുള്ള ഖവര്‍സ്മി പറഞ്ഞു.
''അഫ്ഗാന്‍ സുരക്ഷിതമാണ്, അത്തരമൊരു സംഭവം നടന്നിട്ടില്ല'', അഫ്ഗാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വക്താവിനെ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും തികച്ചും പരിഹാസ്യമായ അവകാശവാദമാണെന്നും ഇന്ത്യയും വിശേഷിപ്പിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ തൊടുത്ത മിസൈലുകളിലൊന്ന് അഫ്ഗാനിലെ ഒരു പ്രദേശത്ത് പതിച്ചതായി പാകിസ്ഥാന്‍ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരിയാണ് അവകാശപ്പെട്ടത്.
2021 ഓഗസ്റ്റില്‍ അഫ്ഗാനില്‍ നിന്ന് യുഎസ് പിന്‍വാങ്ങിയതിന് പിന്നാലെ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കാബൂള്‍ ഇന്ത്യയെ പ്രധാനപ്പെട്ട പ്രാദേശിക, സാമ്പത്തിക ശക്തിയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ജനുവരിയില്‍ മുത്താഖിയും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ദുബായില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു രാജ്യത്തിനും അഫ്ഗാന്‍ ഭീഷണി ഉയര്‍ത്തുകയില്ലെന്ന് അഫ്ഗാന്‍ ഇന്ത്യയ്ക്ക് ഉറപ്പുനല്‍കുകയും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍, ഇന്ത്യ ഇതുവരെയും താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ചിട്ടില്ല. കൂടാതെ കാബൂളില്‍ സമഗ്രമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു രാജ്യത്തിനെതിരേയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കരുതെന്ന് ന്യൂഡല്‍ഹി നിര്‍ബന്ധം പിടിക്കുന്നു.