ബിഹാർ കോൺഗ്രസ് പോസ്റ്റ് ചെയ്ത ഈ AI വീഡിയോ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. പ്രധാനമന്ത്രിയുടെ അന്തരിച്ച അമ്മയെ കോൺഗ്രസ് അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു. എന്നാൽ വീഡിയോയിൽ ഒരിടത്തും ഹീരാബെൻ മോദിയെ അപമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെൻ മോദിയുടെയും എഐ നിർമിത വിഡിയോ കോൺഗ്രസ് രണ്ടു ദിവസം മുമ്പാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ രാഷ്ട്രീയത്തെക്കുറിച്ച് ഹീരാബെൻ മോദിയെ വിമർശിക്കുന്നതായാണ് വീഡിയോയിൽ ചിത്രീകരിച്ചിരുന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കോൺഗ്രസ് വലിയ വിമർശനം നേരിടുന്നുണ്ട്.
advertisement
പ്രധാനമന്ത്രിയെ ലക്ഷ്യമിടാൻ ഇത്തരം "ലജ്ജാകരമായ" രീതികൾ ഉപയോഗിച്ചതിന് ബിജെപിയും എൻഡിഎ സഖ്യകക്ഷികളും കോൺഗ്രസിനെ ചോദ്യം ചെയ്തു. എന്നാൽ, പ്രധാനമന്ത്രിയോടോ അന്തരിച്ച അമ്മയോടോ ഒരു തരത്തിലുള്ള അനാദരവും കാണിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആവർത്തിച്ചു പറഞ്ഞത്.
വീഡിയോ വിവാദമായതിന് പിന്നാലെ സെപ്റ്റംബർ 13-ന് ബിജെപി ഡൽഹി ഇലക്ഷൻ സെൽ കൺവീനറായ സങ്കേത് ഗുപ്തയുടെ പരാതിയെത്തുടർന്ന് ഡൽഹി പോലീസ് കോൺഗ്രസിനും അതിന്റെ ഐടി സെല്ലിനുമെതിരെ കേസെടുത്തു. വീഡിയോയിലെ ദൃശ്യങ്ങൾ അപകീർത്തികരമാണെന്നും, അത് പ്രധാനമന്ത്രിയുടെ അമ്മയുടെയും പൊതുവിൽ മാതൃത്വത്തിന്റെയും അന്തസ്സിനെ വ്രണപ്പെടുത്തിയെന്നുമായിരുന്നു പരാതി.