തങ്ങള്‍ക്ക് നേരെ അധിനിവേശം നടന്നുവെന്നും തങ്ങളെ ശരിയായ രീതിയിലല്ല പരിഗണിക്കുന്നതെന്നും അവിടുത്തെ ജനങ്ങള്‍ക്ക് മനസിലായിത്തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. 'അധിനിവേശത്തിന് കീഴിലാകുന്നതിനെപ്പറ്റിയും ചൂഷണത്തിനിരയാകുന്നതിനെപ്പറ്റിയും അവര്‍ക്ക് നന്നായി അറിയാം' ജയശങ്കര്‍ പറഞ്ഞു. പാക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിവേചനമുണ്ടായെന്ന് ആരോപിച്ച് പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വൈദ്യുതി ചാര്‍ജ് വര്‍ധന, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നീ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നടത്തിയ പ്രതിഷേധം പാക് പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് ജനരോക്ഷം ആളികത്താന്‍ കാരണമായത്.
advertisement
കോട്‌ലി, പൂഞ്ച് ജില്ലകള്‍ വഴി മുസാഫറാബാദിലേക്കുള്ള പ്രതിഷേധക്കാരുടെ റാലി തടയാന്‍ പോലീസ് ശ്രമിച്ചതോടെ ജനങ്ങളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സംഘര്‍ഷത്തില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് പാക് അധിനിവേശ കശ്മീര്‍ എന്നും അദ്ദേഹം പറഞ്ഞു. ''ലയിപ്പിക്കുക എന്നത് കൊണ്ട് നിങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് മനസിലാകുന്നില്ല. ആ പ്രദേശം ഇപ്പോഴും ഇന്ത്യയില്‍ തന്നെയാണ്. ഇനി അങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും,'' എന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ ചബഹര്‍ തുറമുഖം ഇന്ത്യ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. തുറമുഖം ഏറ്റെടുത്തതിന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കുമെന്നും ഇടുങ്ങിയ ചിന്താഗതി വെച്ചുപുലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെ ഇറാനുമായി വ്യാപാരബന്ധം നടത്തുന്നവരും ഉപരോധത്തെപ്പറ്റി ബോധവാന്‍മാരായിരിക്കണമെന്ന് യുഎസ് പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാശ്ചാത്യ മാധ്യമങ്ങളില്‍ നിറയുന്ന വിമര്‍ശനങ്ങളെ തള്ളിയും മന്ത്രി രംഗത്തെത്തി. 'തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാന്‍ കോടതിയെ സമീപിക്കേണ്ടി വരുന്ന രാജ്യങ്ങള്‍ തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് നമ്മെ പഠിപ്പിക്കുന്നു. ഇതാണ് ലോകത്ത് നടക്കുന്ന മൈന്‍ഡ് ഗെയിം' അദ്ദേഹം പറഞ്ഞു.