പൊള്ളാച്ചിക്കടുത്തുള്ള കോട്ടംപട്ടി ഗ്രാമത്തില്‍ ജനിച്ച തായമ്മാള്‍ നാലാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ ബോധവതിയായിരുന്നു. തായമ്മാളിന്റെ സാമൂഹിക പ്രതിബദ്ധത തന്നെ ആവേശഭരിതനാക്കുന്നതായി മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
''തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ ഉദുമല്‍പേട്ട് ബ്ലോക്കില്‍ നിന്നുള്ള തായമ്മാള്‍ജി എല്ലാവര്‍ക്കും പ്രചോദനമാണ്. തായമ്മാള്‍ജിയ്ക്ക് സ്വന്തമായി ഭൂമിയില്ല. വര്‍ഷങ്ങളായി ഇളനീര്‍ വിറ്റാണ് ഇവരുടെ കുടുംബം ജീവിക്കുന്നത്. അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായിരിക്കില്ല, പക്ഷേ ചിന്നവീരംപട്ടി പഞ്ചായത്ത് യൂണിയന്‍ മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന മകനെയും മകളെയും പഠിപ്പിക്കാന്‍ തായമ്മാളിന് ഇതൊന്നും പ്രശ്‌നമായിരുന്നില്ല'', മോദി പ്രസംഗത്തില്‍ പറഞ്ഞു. ''സ്‌കൂളില്‍ എട്ടാം ക്ലാസ് വരെയേ ഉള്ളൂവെന്നാണ് തായമ്മാള്‍ ജി പറയുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ത്താനാകും'', മോദി കൂട്ടിച്ചേര്‍ത്തു.
advertisement
പ്രധാനമന്ത്രി തന്റെ പേര് പരാമര്‍ശിച്ചത് തായമ്മാളിനെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. ''പ്രധാനമന്ത്രി എന്റെ പേര് പരാമര്‍ശിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സ്‌കൂളിലെ കൊവിഡ്-19 വാക്സിനേഷന്‍ ക്യാമ്പിലേക്ക് എന്റെ മകളെ കൊണ്ടുപോയപ്പോള്‍ സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് അവിടുത്തെ ജീവനക്കാര്‍ ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കേട്ടു. അപ്പോഴാണ് ഞാന്‍ സഹായം വാഗ്ദാനം ചെയ്തത്. ഞാന്‍ അക്കാര്യം ഭര്‍ത്താവ് അറുമുഖവുമായി സംസാരിച്ചു, അങ്ങനെ ഇളനീര്‍ വിറ്റ് സമ്പാദിച്ച ഒരു ലക്ഷം രൂപ ഞങ്ങള്‍ സ്‌കൂളിന് സംഭാവന ചെയ്തു. എന്നാല്‍ ഇത് മാധ്യമങ്ങളുടെയും പ്രധനമന്ത്രിയുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് വലിയ അത്ഭുതമാണ്'', തായമ്മാൾ പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 85-ാം എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തത്. എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടി ആള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍ എന്നിവയുടെ മുഴുവന്‍ നെറ്റ്വര്‍ക്കിലും കൂടാതെ ആള്‍ ഇന്ത്യ റേഡിയോ വാര്‍ത്തകളിലും മൊബൈല്‍ ആപ്പിലും സംപ്രേക്ഷണം ചെയ്യുന്നു. കഴിഞ്ഞ ദിവസം മഹാത്മാ ഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തെ അനുസ്മരിച്ചു കൊണ്ടായിരുന്നു പരിപാടി ആരംഭിച്ചത്.