'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ രാജ്യത്തെ പൗരന്മാർ സജീവമായി പങ്കെടുക്കണമെന്നും ഗാനത്തിന്റെ പൈതൃകത്തെയും മഹത്വത്തെയും ആദരിക്കുന്നതിന് എല്ലാവരും സംഭാവന നൽകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
'വന്ദേമാതരം' ഓരോ ഇന്ത്യക്കാർറെയും ഹൃദയങ്ങളിൽ വലിയ വികാരവും ആഴത്തിലുള്ള അഭിമാനവും ഉണർത്തുന്നുണ്ടെന്ന് പിന്നീട് എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കുന്നതിലും രാജ്യത്തോടുള്ള ഭക്തിയും പ്രതിബദ്ധതയും പ്രചോദിപ്പിക്കുന്നതിലും വന്ദേമാതരത്തിനുള്ള പ്രാധാന്യത്തെ അദ്ദേഹം എടുത്തുപറഞ്ഞു. ''വന്ദേമാതരം' ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അതിരുകളില്ലാത്ത വികാരവും അഭിമാനവും ജ്വലിപ്പിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
advertisement
''ഇന്ത്യയുടെ ദേശീയ ഗീതമായ 'വന്ദേമാതര'ത്തിന്റെ ആദ്യ വാക്ക് തന്നെ നമ്മുടെ ഹൃദയങ്ങളിൽ വികാരങ്ങളുടെ ഒരു കുതിച്ചുചാട്ടം ഉണർത്തും. 'വന്ദേമാതരം' എന്ന ഈ ഒരു വാക്കിൽ നിരവധി വികാരങ്ങളും ഊർജങ്ങളും നിറഞ്ഞിരിക്കുന്നു. ലളിതമായി പറഞ്ഞാൽ ഭാരതാംബയുടെ മാതൃസ്‌നേഹം അനുഭവിക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.
'വന്ദേഭാരതം' എന്ന മന്ത്രണം 140 കോടി ഇന്ത്യക്കാരെ ഒന്നിപ്പിക്കാൻ ശക്തിയുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ''ഒരു പ്രയാസകരമായ നിമിഷം ഉണ്ടായാൽ വന്ദേമാതരം എന്ന ഗീതം 140 കോടി ഇന്ത്യക്കാരിൽ ഐക്യത്തിന്റെ ഊർജം കൊണ്ട് നിറയ്ക്കുന്നു. ദേശസ്‌നേഹം...ഭാരതാംബയോടുള്ള സ്‌നേഹം...വാക്കുകൾക്ക് അതീതമായ ഒരു വികാരമാണെങ്കിൽ, ആ അമൂർത്ത വികാരത്തിന് മൂർത്തമായ ശബ്ദം നൽകുന്ന ഗീതമാണ് വന്ദേമാതരം,'' അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകൾ നീണ്ട കൊളോണിയൽ ഭരണത്താൽ ദുർബലമായ ഇന്ത്യയിൽ ദേശീയ അഭിമാനബോധം ഉണർത്തുന്നതിനായി 19-ാം നൂറ്റാണ്ടിൽ ഈ ഗാനം രചിച്ച ബങ്കിം ചന്ദ്ര ചതോപാധ്യയയെയും അദ്ദേഹം ആദരിച്ചു. ''നൂറ്റാണ്ടുകളോളം നീണ്ട അടിമത്തത്താൽ ദുർബലമായ ഇന്ത്യയ്ക്ക് പുതുജീവൻ പകരുന്നതിനായാണ് ബങ്കിം ചന്ദ്ര ചതോപാധ്യായ ഈ ഗീതം രചിച്ചത്. വന്ദേമാതരം 19-ാം നൂറ്റാണ്ടിൽ എഴുതിയതാകാം. പക്ഷേ, അതിന്റെ ആത്മാവ് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഇന്ത്യയുടെ മരണമില്ലാത്ത ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു.
