ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എന്നത്തേക്കാളും ശക്തവും ആഴമേറിയതുമായി മാറി എന്നും ഈ സഹകരണവും പങ്കാളിത്തവും വ്യാപാരം, സാങ്കേതികവിദ്യ, ഊർജം എന്നീ മേഖലകളിലേക്ക് വ്യാപിപ്പിച്ചെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു.
“ഇന്ത്യ മറ്റൊരു രാജ്യത്തിന്റെയും സ്ഥാനം കവരാൻ ശ്രമിക്കുന്നില്ല എന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഇന്ത്യ ലോകത്ത് അതിന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ലോകരാജ്യങ്ങൾ മുമ്പെന്നത്തേക്കാളും കൂടുതൽ പരസ്പരബന്ധിതവും പരസ്പരാശ്രിതവുമായാണ് മുന്നോട്ടു പോകുന്നത്”, എന്നും മോദി വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
advertisement
ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ പങ്ക് മുതൽ ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് രാജ്യം നൽകുന്ന സംഭാവനകളെക്കുറിച്ചും മോദി വാൾസ്ട്രീറ്റ് ജേണലിലെ അഭിമുഖത്തിൽ സംസാരിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് ഒരു മണിക്കൂർ നീണ്ട അഭിമുഖമാണ് വാൾസ്ട്രീറ്റ് ജേണൽ നടത്തിയത്.
72-കാരനായ ഈ ലോകനേതാവ് ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും മാറ്റങ്ങൾ വരുത്താൻ ആഹ്വാനം ചെയ്തതായും വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. മോദിയുടെ വിദേശനയത്തെക്കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
ചൈനയുമായുള്ള അതിർത്തി തർക്കത്തെക്കുറിച്ചും മോദി അഭിമുഖത്തിൽ സംസാരിച്ചു. “ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാകാൻ അതിർത്തി പ്രദേശങ്ങളിൽ സമാധാനം ഉണ്ടാകേണ്ടത് അനിവാര്യമാണ്. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും മാനിക്കുന്നതിലും നിയമം പാലിക്കുന്നതിലും ഭിന്നതകളും തർക്കങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇന്ത്യ അതിന്റെ പരമാധികാരവും അന്തസും സംരക്ഷിക്കാൻ പൂർണ സജ്ജമായും പ്രതിജ്ഞാബദ്ധതയോടെയും പ്രവർത്തിക്കും”, എന്നും മോദി പറഞ്ഞു. പരസ്പര ബഹുമാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ല. ചര്‍ച്ചകളിലൂടെയാണ് തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതെന്നും മോദി കൂട്ടിച്ചേർത്തു.
“ഞങ്ങൾ നിഷ്പക്ഷരാണെന്ന് ചിലർ പറയുന്നു. എന്നാൽ ഞങ്ങൾ നിഷ്പക്ഷരല്ല. ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്. ഇന്ത്യ പരമമായ മുൻഗണന നൽകുന്നത് സമാധാനത്തിനാണെന്ന് ലോകത്തിന് പൂർണ വിശ്വാസമുണ്ട്”, മോദി കൂട്ടിച്ചേർത്തു. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യ പൂർണ പിന്തുണ നൽകും എന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
Summary: Prime Minister Narendra Modi says he is the first Prime Minister born in free India in WSJ interview
