“ഐഎസ്ആർഒയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇത് ശാസ്ത്രജ്ഞരുടെ നേട്ടമാണ്” പ്രധാനമന്ത്രി പറഞ്ഞു, “ഞാൻ ദക്ഷിണാഫ്രിക്കയിലായിരിക്കാം, പക്ഷേ എന്റെ ഹൃദയം ചന്ദ്രയാൻ ദൗത്യത്തോടൊപ്പമായിരുന്നു”, അദ്ദേഹം പറഞ്ഞു.
ഐഎസ്ആർഒ ഭാവിയിലേക്ക് നിരവധി കാര്യങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. “സോളാർ പ്രോബ് മിഷനായ ആദിത്യ എൽ 1 ഐഎസ്ആർഒയ്ക്ക് ഉടൻ വിക്ഷേപിക്കാനാകുമെന്നും” മോദി പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമായ ഗഗൻയാനും നടപ്പിലാക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Also read-Chandrayaan-3 Landing : ‘ഇന്ന് ചരിത്രം പിറന്നു; ഇന്ത്യ ചന്ദ്രനിലെത്തി’; ചരിത്രനിമിഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
‘ഇന്ത്യയുടെ വിജയകരമായ ഈ ചാന്ദ്രദൗത്യം ഇന്ത്യയുടെ മാത്രമല്ല… ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന നമ്മുടെ സമീപനം ലോകമെമ്പാടും പ്രതിധ്വനിക്കുന്നു. ഈ വിജയം എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണ്,” ഇന്ത്യ ജി20 അധ്യക്ഷപദത്തിലിരിക്കവെയാണ് ഈ മഹത്തായ നേട്ടം കൈവരിച്ചതെന്നും നരേന്ദ്രമോദി പറഞ്ഞു.
ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയത് ചരിത്ര നിമിഷമാണെന്നും ഇത് വികസിത ഇന്ത്യയുടെ കാഹളമാണ് മുഴക്കുന്നതെന്നും മോദി പറഞ്ഞു. അഞ്ച് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിൽ എത്തിയ നരേന്ദ്രമോദി ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയ നിമിഷം ത്രിവർണ്ണ പതാക വീശി സന്തോഷം പങ്കുവച്ചിരുന്നു.
ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ -3 ബുധനാഴ്ച വൈകുന്നേരം 6.04നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സ്പർശിച്ചത്. ഇതോടെ ചന്ദ്രനിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. കൂടാതെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യത്തെ രാജ്യവും ഇന്ത്യയാണ്.
ചന്ദ്രയാൻ-2-ന്റെ തുടർച്ചയാണ് ചന്ദ്രയാൻ-3 ദൌത്യം. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സോഫ്ട് ലാൻഡിംഗ് നടത്തി തുടർന്ന് വിവിധ പരീക്ഷണങ്ങൾ നടത്തുക എന്നതായിരുന്നു ഈ ദൌത്യത്തിന്റെ ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ ലക്ഷ്യം വച്ച് 41 ദിവസം നീണ്ട യാത്രയ്ക്കായി ഇന്ത്യ 600 കോടി രൂപയാണ് ചെലവഴിച്ചത്. ജൂലൈ 14-നാണ് ലോഞ്ച് വെഹിക്കിൾ മാർക്ക്-III (എൽവിഎം-3) റോക്കറ്റ് വിക്ഷേപിച്ചത്.
കഴിഞ്ഞ ദിവസം റഷ്യയുടെ ലൂണ-25 ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ചന്ദ്രനിൽ പതിച്ചതിന് പിന്നാലെയാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്.