വിദ്യാഭ്യാസ വിചക്ഷണനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി കൂടിയായ ഡോ. എസ് രാധാകൃഷ്ണനോടുള്ള ആദരവും അദ്ദേഹം വ്യക്തമാക്കി. ഡോ. എസ് രാധാകൃഷ്ണനോടുള്ള ബഹുമാനാര്‍ത്ഥമാണ് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അധ്യാപകദിനമായി ആചരിച്ച് പോരുന്നത്.
” സ്വപ്‌നം കാണാനും ഭാവി കെട്ടിപ്പടുക്കാനും സഹായിക്കുന്നവരാണ് അധ്യാപകര്‍. അവരുടെ സ്ത്യുതര്‍ഹമായ സേവനങ്ങള്‍ക്ക് ഒരു വലിയ സല്യൂട്ട്” , എന്നും മോദി പറഞ്ഞു.
Also read-ഇന്ത്യയുടെ പ്രഥമ സൗരദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ; ആരാണ് നിഗർ ഷാജി?
advertisement
ദേശീയ അധ്യാപക പുരസ്‌കാരം നേടിയ അധ്യാപകരുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. വിവിധ സംസ്‌കാരങ്ങളും വ്യത്യസ്തകളും തങ്ങളുടെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ മുന്നോട്ട് വരണമെന്നും കുടിക്കാഴ്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു. പുരസ്‌കാരം നേടിയ 75 പേരുമായിട്ടായിരുന്നു അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തെ യുവമനസ്സുകളെ മുന്‍ നിരയിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 5 ആണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ 5-നാണ് അന്താരാഷ്ട്ര അധ്യാപക ദിനം. അധ്യാപകരോടുള്ള ബഹുമാന സൂചകമായാണ് ഒക്ടോബര്‍ 5 അന്താരാഷ്ട്ര അധ്യാപക ദിനമായി പ്രഖ്യാപിച്ചത്.
എന്തുകൊണ്ടാണ് ഇന്ത്യയില്‍ മാത്രം സെപ്റ്റംബര്‍ 5 ന് അധ്യാപക ദിനമായി ആചരിക്കുന്നത്? അതേക്കുറിച്ച് കൂടുതലറിയാം.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായ ഡോ. എസ് രാധാകൃഷ്ണനുമായി ഈ ദിവസത്തിന് ബന്ധമുണ്ട്. ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. പ്രശസ്ത പണ്ഡിതനും തത്ത്വചിന്തകനും ഭാരതരത്ന ജേതാവും കൂടിയായ ഡോ. എസ്. രാധാകൃഷ്ണന്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമാണ്. 1888 സെപ്റ്റംബര്‍ 5 നാണ് അദ്ദേഹം ജനിച്ചത്.
ചെന്നൈ പ്രസിഡന്‍സി കോളേജിലും കല്‍ക്കട്ട യൂണിവേഴ്സിറ്റിയിലും ഉള്‍പ്പെടെ വിവിധ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പ്രൊഫസറായി ഡോ എസ്. രാധാകൃഷ്ണന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവയുടെ വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1909 ഏപ്രിലില്‍ അദ്ദേഹത്തിന് മദ്രാസ് പ്രസിഡന്‍സി കോളേജിലെ ഫിലോസഫി വിഭാഗത്തില്‍ നിയമനം ലഭിച്ചു. 1918-ല്‍ മൈസൂര്‍ മഹാരാജാസ് കോളേജിലുമെത്തി.
പൗരസ്ത്യ മതങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നതിനായി 1936-ല്‍ അദ്ദേഹത്തിന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ക്ഷണം ലഭിച്ചു. ആ ക്ഷണം സ്വീകരിച്ച അദ്ദേഹം രാഷ്ട്രീയജീവിതത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പ് ഏതാനും വര്‍ഷം അവിടെ പഠിപ്പിക്കുകയും ചെയ്തു. 1939-ല്‍ ഡോ രാധാകൃഷ്ണന്‍ ബ്രിട്ടീഷ് അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1946 മുതല്‍ 1952 വരെ യുനെസ്‌കോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രവര്‍ത്തിച്ചു. 1949 മുതല്‍ 1952 വരെ സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായും അദ്ദേഹം സേവമനുഷ്ഠിച്ചു. 1952-ല്‍ ഡോ എസ്. രാധാകൃഷ്ണന്‍ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായി നിയമിതനായി. 1962-ല്‍ അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി.
1962ല്‍, രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അദ്ദേഹത്തെ സമീപിച്ചു. അതിനനുവദിക്കുന്നതിനു പകരം ഈ ദിവസം അധ്യാപക ദിനമായി ആചരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ”എന്റെ ജന്മദിനം ആഘോഷിക്കുന്നതിനു പകരം സെപ്തംബര്‍ 5 അധ്യാപക ദിനമായി ആചരിക്കുകയാണെങ്കില്‍ അത് എനിക്ക് അഭിമാനകരമായ നേട്ടമായിരിക്കും”, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആഗോളതലത്തില്‍ ഒക്ടോബര്‍ 5-ന് അധ്യാപകദിനം ആഘോഷിക്കുമ്പോള്‍, ഇന്ത്യയില്‍ 1962 മുതല്‍ സെപ്റ്റംബര്‍ 5-നാണ് ഈ ദിവസം ആചരിക്കുന്നത്. 1966-ലെ ഒക്ടോബര്‍ 5-നാണ് അദ്ധ്യാപകരുടെ പ്രധാന്യത്തെക്കുറിച്ചും അവരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള യുനെസ്‌കോയുടെ ശുപാര്‍ശ പ്രത്യക കമ്മിറ്റി അംഗീകരിച്ചത്. അങ്ങനെ അന്താരാഷ്ട്ര തലത്തില്‍ തന്നെ അധ്യാപകരെ പ്രത്യേകമായി ആദരിക്കുന്നതിനുള്ള ദിവസമായി ഒക്ടോബര്‍ 5 തിരഞ്ഞെടുക്കുകയായിരുന്നു.