യുഎസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നിരവധി നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സെപ്റ്റംബര്‍ 22ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ വംശജരെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നും വിക്രം മിസ്രി അറിയിച്ചു.
ക്വാഡ് നേതാക്കളുടെ ഉച്ചകോടി
നേരത്തെ സൂചിപ്പിച്ചത് പോലെ സെപ്റ്റംബര്‍ 21 ന് യുഎസിലെ ഡെലവെയറിലെത്തുന്ന മോദി ആദ്യം ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളിലും അദ്ദേഹം പങ്കെടുക്കും.
സെപ്റ്റംബര്‍ 22ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പ്രധാനമന്ത്രി അതിന് ശേഷം സംസ്ഥാന തലവന്‍മാരുമായും വിവിധ കമ്പനികളുടെ സിഇഒമാരുമായും ചര്‍ച്ച നടത്തും. അന്നേദിവസം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ നടക്കുന്ന 'summit of future' സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
advertisement
ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച?
യുഎസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യവും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. എന്നാല്‍ മറ്റ് നിരവധിപേരുമായുള്ള കൂടിക്കാഴ്ചകള്‍ നിലവില്‍ തീരുമാനിച്ച് വരികയാണെന്നും ഈ ഘട്ടത്തില്‍ ഇതേപ്പറ്റി വ്യക്തമായി പ്രതികരിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
അതേസമയം യുഎസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കാണാനെത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യുഎസ് സന്ദര്‍ശനത്തിനിടെ മോദി ഉക്രൈയ്ന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.