പ്രധാനമന്ത്രി മോദി എക്‌സിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, “കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. ഈ പ്രയാസകരമായ സമയങ്ങളിൽ അവർക്ക് കരുത്ത് ലഭിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.”മോദി കുറിച്ചു.
അതേസമയം, വിജയിയെ കാണാനായി പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതാണ് ദുരന്തത്തിലേക്ക് വഴിവച്ചത്. തിക്കും തിരക്കും വർധിച്ചപ്പോൾ ആളുകൾ ശ്വാസംമുട്ടി തളർന്നുവീഴാൻ തുടങ്ങിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രംഗം കൈവിട്ടുപോയതോടെ വിജയ് പ്രസംഗം നിർത്തി പോലീസിന്റെ സഹായം തേടി. തളർന്നുവീണവർക്ക് അദ്ദേഹം വെള്ളം നൽകുകയും ശ്വാസംമുട്ട് അനുഭവപ്പെട്ടവർക്ക് വേണ്ടി ആംബുലൻസുകൾ ഏർപ്പെടുത്തുകയും ചെയ്തു. ഈ ശ്രമങ്ങൾക്കിടയിലും സ്ഥിതിഗതികൾ അതിവേഗം വഷളായി വലിയ ദുരന്തമായി മാറുകയായിരുന്നു. വിജയ് പ്രസംഗം നിർത്തി ദുരിതത്തിലായവരെ സഹായിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പിടിഐ പങ്കുവെച്ചു.
അടിയന്തര സഹായത്തിന് ഉത്തരവിട്ട് എം.കെ. സ്റ്റാലിൻ
സംഭവത്തെ “ഹൃദയം നുറുങ്ങുന്ന” ദുരന്തമെന്ന് വിശേഷിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മെഡിക്കൽ സംഘങ്ങൾ എന്നിവരോട് ഉടൻ കരുരിലേക്ക് പോകാൻ നിർദ്ദേശം നൽകിയിരുന്നു. “ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് ഉടനടി ചികിത്സ നൽകാനും യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും ഞാൻ നിർദ്ദേശിച്ചിട്ടുണ്ട്,” എം.കെ. സ്റ്റാലിൻ പറഞ്ഞു. തിരുച്ചിറപ്പള്ളി, സേലം എന്നിവിടങ്ങളിൽ നിന്ന് അധിക ഡോക്ടർമാരെ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പൊതുജനം സഹകരണം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ദുരന്തത്തിന് കാരണമായ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. 39 പേർ മരിച്ചതായും ഡസൻ കണക്കിന് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും അധികൃതർ സ്ഥിരീകരിച്ചു.