കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷ കാലയളവിനിടെ തനിക്കൊരു ശക്തമായ പ്രതിപക്ഷത്തെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് മോദി പറഞ്ഞു.
' ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷം ഉണ്ടാകേണ്ടത് അനിവാര്യമാണ്. അത്തരമൊരു പ്രതിപക്ഷമാണ് സര്‍ക്കാരിനെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ പ്രതിപക്ഷം അത്യാവശ്യമാണ്. ഈ രാജ്യത്ത് കഴിവുള്ളവര്‍ ഇല്ലാഞ്ഞിട്ടല്ല. അവര്‍ക്ക് അവസരം ലഭിക്കണം. 2014 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ശക്തമായ പ്രതിപക്ഷത്തെ ലഭിക്കുമെന്ന് ഞാന്‍ കരുതി. എന്റെ ജീവിതത്തില്‍ ഉണ്ടായ നഷ്ടങ്ങളിലൊന്നാണ് ശക്തമായ പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യം,'' മോദി പറഞ്ഞു.
advertisement
കോണ്‍ഗ്രസില്‍ നിന്ന് അനുകൂലമായ യാതൊരു സംഭാവനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''60 വര്‍ഷം അവര്‍ രാജ്യം ഭരിച്ചു. അവരുടെ അനുഭവ സമ്പത്തില്‍ നിന്ന് ഉപദേശം സ്വീകരിക്കാമെന്ന് ഞാന്‍ കരുതിയിരുന്നു. പ്രണബ് മുഖര്‍ജി ഉണ്ടായിരുന്നത് വരെ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തില്‍ നിന്ന് യാതൊരു ആനുകൂല്യവും എനിക്ക് ലഭിച്ചിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന എന്റെ അനുഭവ സമ്പത്തും സഹപ്രവര്‍ത്തകരില്‍ നിന്നുള്ള അറിവുമാണ് എനിക്ക് ബലമായത്,'' മോദി പറഞ്ഞു. പ്രതിപക്ഷത്തെക്കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'' നെഗറ്റിവിറ്റി നിറഞ്ഞ സമീപനമാണ് അവരുടേത്. രാജ്യ താല്‍പ്പര്യത്തിന് അനുസരിച്ചുള്ള തീരുമാനങ്ങള്‍ ഒരു കാലത്ത് അവരുടെ പ്രകടന പത്രികയിലുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി അവര്‍ ഇന്ന് അവയെ എതിര്‍ക്കുന്നു. വലിയ ആശങ്കയാണ് ഇതുണ്ടാക്കുന്നത്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണം. അത് രാജ്യത്തിന് ഗുണം ചെയ്യും. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഞങ്ങള്‍ക്കെതിരെ ശക്തമായ പ്രതിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതി പരിതാപകരമാണ്. അതാണ് ഇന്നെന്റെ ഏറ്റവും വലിയ വേദന,'' മോദി പറഞ്ഞു.
എതിരാളികള്‍ തന്നെ ഒരു ഭീകരനായാണ് ചിത്രീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമസ്ഥാപനങ്ങളും ഖാന്‍ മാര്‍ക്കറ്റ് ഗ്യാംങും തന്നെ വേട്ടയാടിയിരുന്നുവെന്ന് മോദി വ്യക്തമാക്കി.
'' എന്നാല്‍ ഞാന്‍ ക്ഷമ കൈവിട്ടില്ല. ഇപ്പോള്‍ അവര്‍ എന്റെ ചിരിക്കുന്ന ചിത്രം മാഗസിന്‍ കവര്‍ പേജില്‍ കൊടുക്കുന്നു. എന്റെ ഉത്തരവാദിത്തങ്ങള്‍ ഞാന്‍ കൃത്യമായി ചെയ്യുന്നുണ്ട്,'' മോദി പറഞ്ഞു.
കൂടാതെ പൊതുജീവിതത്തില്‍ മാന്യമായ വാക്കുകള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്നും ഒരാള്‍ക്ക് മറ്റൊരാളെ മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാമെന്നും അദ്ദേഹം പറഞ്ഞു.