'' ഞെട്ടിപ്പിക്കുന്ന വസ്തുത. എത്ര നിസാരമായാണ് കച്ചത്തീവ് ദ്വീപ് കോണ്‍ഗ്രസ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് എന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് വീണ്ടും ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വിവരങ്ങളാണിവ,'' മോദി എക്‌സില്‍ കുറിച്ചു.
ഇന്ത്യയുടെ ഐക്യം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്കും ഐക്യത്തിനും എതിരായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദ്വീപുമായി ബന്ധപ്പെട്ട പ്രശ്‌നം അപ്രസക്തമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതായി പത്രക്കുറിപ്പില്‍ പറയുന്നു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ അവഗണിച്ചായിരുന്നു ഈ തീരുമാനമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 1974ലാണ് ഇന്ദിരാഗാന്ധി സർക്കാരാണ് കച്ചിത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുനല്‍കിയതെന്നും മോദി കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ പരാമര്‍ശിച്ചിരുന്നു. ഇന്ത്യയെ കീറിമുറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
'' ശ്രീലങ്കയ്ക്കും തമിഴ്‌നാടിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് കച്ചിത്തീവ്. എന്നാല്‍ ചിലര്‍ അത് മറ്റൊരു രാജ്യത്തിന് വിട്ടുകൊടുത്തു. ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് കൈമാറ്റം നടന്നത്,'' മോദി പറഞ്ഞു.
രാമേശ്വരത്തിനും ശ്രീലങ്കയ്ക്കുമിടയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലേയും ശ്രീലങ്കയിലേയും മത്സ്യത്തൊഴിലാളികള്‍ സ്ഥിരമായി എത്തുന്ന ദ്വീപുകൂടിയാണിത്. 1974ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ആ ദ്വീപ് ശ്രീലങ്കയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഡിഎംകെ സര്‍ക്കാര്‍ മുമ്പ് ചെയ്ത പാപത്തിന്റെ ഫലമാണ് ഇന്ന് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 15ന് കന്യാകുമാരിയില്‍ വെച്ച് നടന്ന റാലിയില്‍ പറഞ്ഞിരുന്നു. മോദി പറയുന്നത് പച്ചക്കള്ളമാണെന്ന് പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തി.
'' തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് സത്യമെന്തെന്ന് അറിയാം. ഡിഎംകെ സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കച്ചിത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത്. ഒരു സംസ്ഥാന സര്‍ക്കാരിന് രാജ്യത്തിന്റെ ഒരു ഭാഗം മറ്റൊരു രാജ്യത്തിന് വിട്ടുകൊടുക്കാന്‍ കഴിയുമെന്നാണോ പ്രധാനമന്ത്രി ധരിച്ചുവെച്ചിരിക്കുന്നതെന്ന്,'' സ്റ്റാലിന്‍ പറഞ്ഞു.