'ഞങ്ങള്‍ വ്യാജ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെക്കാറില്ല. മറിച്ച് യഥാർത്ഥ വികസനമാണ് നല്‍കിയത്. ഒരു പ്രധാനമന്ത്രിയെ മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു വിളിക്കാറ്. കേന്ദ്രത്തില്‍നിന്ന് ഒരു രൂപ നല്‍കിയാല്‍, ജനങ്ങള്‍ക്ക് 15 പൈസ മാത്രമേ ലഭിക്കാറുള്ളൂയെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. ദരിദ്രരുടെ വേദനയും സാധാരണക്കാരുടെ കഷ്ടപ്പാടുകളും അങ്ങനെ എളുപ്പം മനസിലാക്കാന്‍ സാധിക്കില്ല. അതിന് 'പാഷന്‍' വേണം, ചിലര്‍ക്ക് അതില്ല. ഓല മേഞ്ഞ മേല്‍ക്കൂരയ്ക്കു കീഴില്‍ ജീവിക്കുന്നവരുടെ ബുദ്ധിമുട്ടും തകര്‍ന്ന സ്വപ്‌നങ്ങളും എല്ലാവര്‍ക്കും മനസിലാകണമെന്നില്ല'- പ്രധാനമന്ത്രി പറഞ്ഞു.
advertisement
ബിജെപി സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിൽ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു പുറത്തെത്തിക്കാനായെന്നു പ്രധാനമന്ത്രി പറഞ്ഞു. അഞ്ചുപതിറ്റാണ്ടോളം 'ഗരീബി ഹഠാവോ' മുദ്രാവാക്യം കേട്ടു. എന്നാല്‍ അത് നടപ്പാക്കാന്‍ സാധിച്ചില്ല. രാജ്യത്തെ പാവപ്പെട്ടവർക്കു നാലു കോടി വീടുകൾ ഇതുവരെ നൽകാനായി. പ്ലാസ്റ്റിക് കൂരയ്ക്ക് കീഴിൽ മഴക്കാലം കഴിച്ചുകൂട്ടേണ്ടി വരുന്നവരുടെ അവസ്ഥ എല്ലാവർക്കും മനസ്സിലാകില്ല. അത് അനുഭവിച്ചവർക്കേ കെട്ടുറപ്പുള്ള വീടിന്റെ മൂല്യം മനസ്സിലാകൂ.
12 കോടിയിലേറെ ശുചിമുറികൾ രാജ്യത്ത് നിർമിച്ചു. ചില നേതാക്കൾ ആഡംബര ഷവറുകളിൽ ശ്രദ്ധിച്ചപ്പോൾ ഞങ്ങളുടെ ശ്രദ്ധ ഓരോ വീട്ടിലും വെള്ളമെത്തിക്കുന്നതിലായിരുന്നു. പാവപ്പെട്ടവരുടെ കുടിലുകളിൽ ഫോട്ടോസെഷൻ നടത്തി നേരം പോക്കുന്നവർക്ക് പാർലമെന്റിൽ പാവപ്പെട്ടവരെക്കുറിച്ച് പറയുന്നത് ‘ബോറിങ്’ ആയി തോന്നും. അവരുടെ ദേഷ്യം എനിക്ക് മനസിലാകും.
ഞങ്ങള്‍ക്ക് യുവാക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു, എന്നാല്‍, ചില പാര്‍ട്ടികള്‍ നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കി അവരെ വിഡ്ഢികളാക്കുന്നു. ഈ പാര്‍ട്ടികള്‍ യുവാക്കളുടെ ഭാവിയയിന്മേല്‍ ദുരന്തങ്ങളായി മാറുന്നു. രാഷ്ട്രീയമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാതെ, അനര്‍ഹരായ 10 കോടിപ്പേരെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍നിന്ന് സര്‍ക്കാര്‍ നീക്കി. 10 വര്‍ഷത്തിനിടെ ആദായനികുതി കുറച്ച് മധ്യവര്‍ഗത്തിന്റെ സേവിങ്‌സ് വര്‍ധിപ്പിച്ചു. 2014ന് മുമ്പ് നികുതി ബോംബുകളും ബുള്ളറ്റുകളുമായിരുന്നു തൊടുത്തുവിട്ടത്. അത് ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു. ഞങ്ങള്‍ ക്രമേണ ആ മുറിവുണക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
2013-14 കാലഘട്ടത്തില്‍ രണ്ടുലക്ഷം രൂപവരെയായിരുന്നു ആദായനികുതി പരിധി. എന്നാല്‍, ഇപ്പോള്‍ അത് 12 ലക്ഷമായി ഉയര്‍ത്തി. ഞങ്ങള്‍ മുറിവുണക്കുക മാത്രമല്ല, അതിന് മുകളില്‍ ബാന്‍ഡേജിട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.