പാകിസ്ഥാന് തക്കതായ മറുപടി നൽകിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു. 26 പേരുടെ മരണത്തിനു കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തി.
'ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ട്രംപിന് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ ഈ കൂടിക്കാഴ്ച നടന്നില്ല. ഇതിനുശേഷം, ട്രംപിന്റെ അഭ്യർത്ഥനപ്രകാരം, ഇന്ന് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. ഏകദേശം 35 മിനിറ്റ് അവർ സംസാരിച്ചു. ഏപ്രിൽ 22 ന് പഹൽഗാമിലെ ഭീകരാക്രമണത്തിനു ശേഷം ട്രംപ് പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിക്കുകയും അനുശോചനം അറിയിക്കുകയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇരുവരും ഇപ്പോഴാണ് സംസാരിക്കുന്നത്’’ – വിക്രം മിസ്രി പറഞ്ഞു.
advertisement
മെയ് 6-7 തീയതികളിൽ രാത്രിയിൽ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും തീവ്രവാദ ഒളിത്താവളങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ നടപടി കൃത്യമായി അളന്നുകുറിച്ചുള്ളതായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി ട്രംപിനോട് പറഞ്ഞു. ഇന്ത്യ ഇനി ഭീകരതയെ ഒരു നിഴൽ യുദ്ധമായി കണക്കാക്കുന്നില്ല, മറിച്ച് ഒരു പൂർണ്ണ തോതിലുള്ള യുദ്ധമായി കണക്കാക്കുന്നുവെന്നും 'ഓപ്പറേഷൻ സിന്ദൂർ' ഇപ്പോഴും തുടരുകയാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം
മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിൽ എത്തിയതിന് തൊട്ടുപിന്നാലെ, താൻ മധ്യസ്ഥത വഹിച്ചതുകൊണ്ടാണ് വെടിനിർത്തലുണ്ടായതെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി വ്യാപാരം ഉപയോഗിച്ചതായും ട്രംപ് പറഞ്ഞിരുന്നു.