യുവാവ് ആണോ അതോ മറ്റേതെങ്കിലും യാത്രക്കാരാണോ വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്ന കാര്യം വ്യക്തമല്ല. ഈ വീഡിയോ ഡല്‍ഹി പോലീസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു. '' മെട്രോ കോച്ചിനുള്ളില്‍ മുട്ടയും മദ്യവും? ഇത് ബ്രേക്ക്ഫാസ്റ്റല്ല. നിയമലംഘനമാണ്. നിയമം ലംഘിക്കുന്നവര്‍ അതിന്റെ പരിണിതഫലവും അനുഭവിക്കണം. നിയമങ്ങള്‍ വെറും നിര്‍ദേശങ്ങളല്ല. അവ പാലിക്കപ്പെടേണ്ടതാണ്,'' എന്ന തലക്കെട്ടോടെയാണ് പോലീസ് വീഡിയോ ഷെയര്‍ ചെയ്തത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ രോക്ഷം പ്രകടിപ്പിച്ചത്. ദിവസവും ആയിരക്കണക്കിന് പേരാണ് ഡല്‍ഹിയില്‍ മെട്രോയില്‍ സഞ്ചരിക്കുന്നത്.
യുവാവ് കോച്ചിനുള്ളിലെ സീറ്റിലിരുന്ന് തന്റെ ബാഗില്‍ നിന്ന് പുഴുങ്ങിയ മുട്ടകള്‍ പുറത്തേക്ക് എടുക്കുന്നത് വീഡിയോയില്‍ കാണാം. അതിന് ശേഷം മെട്രോ കോച്ചിന്റെ കൈപ്പിടിയില്‍ ഇടിച്ച് മുട്ടത്തോട് പൊട്ടിച്ച് കഴിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് ബാഗില്‍ നിന്ന് മദ്യമെടുത്ത് കഴിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ താന്‍ കുടിച്ചത് മദ്യമല്ലെന്നും ആപ്പിള്‍ ജ്യൂസ് ആണെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
യമുന ബാങ്ക് മെട്രോ ഡിപ്പോയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവാവിനെ ബുരാരിയില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ വീഡിയോയില്‍ ഉള്ള വ്യക്തി താനാണെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍ താന്‍ കുടിച്ചത് മദ്യമല്ലെന്നാണ് ഇയാളുടെ മൊഴി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നിയമത്തിലെ സെക്ഷന്‍ 59 പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മെട്രോയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി.