എന്നാല്‍, ഇതോടെ അദ്ദേഹത്തെയും കുടുംബത്തെയും പിന്തുണച്ചുകൊണ്ട് നിരവധി രാഷ്ട്രീയ നേതാക്കളും മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരും രംഗത്തെത്തി. ഐഎഎസ് അസോസിയേഷനും മിസ്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.
"വിക്രം മിസ്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഐഎഎസ് അസോസിയേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സത്യസന്ധതയോടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അനാവശ്യമായ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണ്. പൊതുസേവനത്തിന്റെ അന്തസ്സ് ഉയര്‍ത്തിപിടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും ഊട്ടിഉറപ്പിക്കുന്നു", ഐഎഎസ് അസോസിയേഷന്‍ എക്‌സില്‍ കുറിച്ചു.
advertisement
മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന നിരുപമ മേനോന്‍ റാവുവും മിസ്രിയെ പിന്തുണച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ പേരില്‍ മിസ്രിയെയും കുടുംബത്തെയും പരിഹസിക്കുന്നത് തികച്ചും ലജ്ജാകരമാണെന്ന് നിരുപമ റാവു എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു. ഉത്തരവാദിത്ത ബോധമുള്ള ഒരു നയതന്ത്രജ്ഞനാണ് മിസ്രിയെന്നും പ്രൊഫഷണലിസത്തോടെയും ദൃഢനിശ്ചയത്തോടെയുമാണ് അദ്ദേഹം രാഷ്ട്രത്തെ സേവിക്കുന്നതെന്നും കാരണമില്ലാതെയാണ് അദ്ദേഹത്തെ അധിക്ഷേപിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു.
അദ്ദേഹത്തിന്റെ മകളെയും പ്രിയപ്പെട്ടവരെയും അധിക്ഷേപിക്കുന്നത് എല്ലാ മാന്യതകളെയും ലംഘിക്കുന്നു. ഈ വിഷലിപ്തമായ വിദ്വേഷം അവസാനിപ്പിക്കണമെന്നും നമ്മുടെ നയതന്ത്രജ്ഞരെ മാനസികമായി തകര്‍ക്കുന്നതിന് പകരം അവരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും നിരുപമ മേനോന്‍ റാവു വ്യക്തമാക്കി.
'ലജ്ജാകരവും അപമാനകരവും' എന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മിസ്രിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. രാജ്യത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ചില സാമഹികവിരുദ്ധ-ക്രിമിനലുകള്‍ നടത്തുന്ന പരസ്യമായ അധിക്ഷേപം എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് അഖിലേഷ് യാദവ് എക്‌സില്‍ പ്രതികരിച്ചു. ഇത് വളരെ സെന്‍സിറ്റീവും അപമാനകരവും നിര്‍ഭാഗ്യകരവുമാണ്. മിസ്രിയുടെ സൽപ്പേര് സംരക്ഷിക്കാനായി ബിജെപി സര്‍ക്കാരോ മന്ത്രിമാരോ ഇത്തരം മോശം പോസ്റ്റുകള്‍ക്കെതിരെ യാതൊരു നടപടികളും എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സൈബര്‍ ആക്രമണങ്ങളും പ്രസ്താവനകളും രാജ്യത്തിനായി രാവും പകലും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സൈബര്‍ ആക്രമണത്തില്‍ ബിജെപി സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിക്കണമെന്നും ഇവരുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ മരവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇഡി, സിബിഐ, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ ഏജന്‍സികള്‍ ഇന്ന് തന്നെ അന്വേഷണം നടത്തണമെന്നും ഇത്തരം സൈബര്‍ പേജുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി. പണം വാങ്ങി ഇത്തരത്തില്‍ രാജ്യത്തെ സമാധാനം തകര്‍ക്കുന്ന ദേശവിരുദ്ധരെ കണ്ടെത്തണമെന്നും ഇതിനു പിന്നിലുള്ള വിദേശ ശക്തികളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒരു ഉഭയകക്ഷി ധാരണയിലെത്തിയതായി വിക്രം മിസ്രി പ്രഖ്യാപിച്ചത്. എന്നാല്‍, പിന്നീട് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തുകയും ചെയ്തു. ഇന്ത്യ ഈ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ ഗൗരവപരമായി കാണുന്നതായി പിന്നീട് ഇതേകുറിച്ച് വിശദീകരിക്കവേ മിസ്രി അറിയിച്ചു.
ഇത്തരം ലംഘനങ്ങള്‍ പാക്കിസ്ഥാന്‍ വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ അതിനെ ശക്തമായി നേരിടാന്‍ ഇന്ത്യന്‍ സായുധസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മിസ്രി അറിയിച്ചു. എന്നാല്‍, ഇതേതുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളും ട്രോളുകളും വരാന്‍ തുടങ്ങിയത്. അദ്ദേഹത്തെയും കുടുംബത്തെയും ലക്ഷ്യംവെച്ചുകൊണ്ടുള്ളതായി സൈബർ അധിക്ഷേപങ്ങൾ.