പാകിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിലേർപ്പെടുന്ന സാഹചര്യം മുതലെടുത്ത് ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നതായി എൻഐഎ. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ പിഎഫ്ഐക്ക് എതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് എൻഐഎയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാഹുൽ ത്യാഗി ഇക്കാര്യങ്ങൾ വ്യക്തമാക്കിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. യുദ്ധസമയത്ത് രാജ്യം വടക്കൻ അതിർത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തെക്കൻ സംസ്ഥാനങ്ങളിൽ അക്രമം അഴിച്ചുവിട്ട് പ്രദേശം അധീനതയിലാക്കാൻ പിഎഫ്ഐ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നതായി ഒരു സംരക്ഷിത സാക്ഷി മൊഴി നൽകിയിട്ടുണ്ട്.
advertisement
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പോപ്പുലർ ഫ്രണ്ട് വലിയ ഭീഷണിയാണെന്ന് കോടതിയിൽ വ്യക്തമാക്കിയ എൻഐഎ, ഇസ്ലാം അപകടത്തിലാണെന്ന് പ്രചരിപ്പിച്ച് ഹിന്ദുക്കൾക്കെതിരെ വിദ്വേഷം വളർത്താനാണ് ശ്രമിച്ചതെന്നും ആരോപിച്ചു. ഇത്തരത്തിൽ സ്വാധീനിക്കപ്പെടുന്ന മുസ്ലീം യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്കും ജിഹാദിലേക്കും നയിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യയിൽ ഖിലാഫത്തും ശരിയത്ത് നിയമവും സ്ഥാപിക്കാൻ ശ്രമിച്ച സംഘടന, അംഗങ്ങളെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതായും എൻഐഎ കോടതിയെ അറിയിച്ചു.
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുന്നതിനെക്കുറിച്ചുള്ള രേഖകൾ, ഐഎസ് അനുകൂല വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ, മറൈൻ റേഡിയോ സെറ്റുകൾ എന്നിവയ്ക്ക് പുറമെ ബോംബ് നിർമ്മാണ സാമഗ്രികളും ആയുധങ്ങളും പിഎഫ്ഐ പ്രവർത്തകരിൽ നിന്ന് കണ്ടെടുത്തതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
