വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്.
ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി അടക്കമുള്ള സംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. മസ്ജിദിലെ വുദുഖാനയിൽ കണ്ടെത്തിയ നിർമിതി ശിവലിംഗമാണെന്നും അതിൽ ‘സേവ പൂജ’ നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 2022 മേയ് മാസത്തിലാണ് വാരാണസി പ്രാദേശിക കോടതി പള്ളിയുടെ ഒരു വിഡിയോഗ്രാഫിക് സർവേ നടത്താൻ അനുമതി നൽകിയത്.
advertisement
കോടതി അനുമതിയെത്തുടർന്ന് ഓഗസ്റ്റ് നാലിന് സർവേ ആരംഭിച്ചു. പല തവണ കാലാവധി നീട്ടിവാങ്ങിയശേഷം ഡിസംബർ 18ന് റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് റിപ്പോർട്ട് കക്ഷികൾക്ക് ലഭ്യമാക്കാൻ കോടതി അനുവദിച്ചത്.
ഇതിനിടെ, ഈ സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട ഹർജികളെ ചോദ്യം ചെയ്ത് സമർപ്പിച്ച മസ്ജിദ് കമ്മിറ്റിയുടെ ഹർജികൾ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.
ഹിന്ദുക്ഷേത്രം തകർത്താണോ 17ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് സർവേ നടത്താൻ ജില്ല കോടതി അനുമതി നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പുരാവസ്തു വകുപ്പ് സർവേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.
ഡിസംബർ 18ന് സീൽ ചെയ്ത കവറിൽ കോടതിക്ക് എഎസ്ഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായാണ് എഎസ്ഐ റിപ്പോർട്ട് നൽകിയത്. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.