ജസ്റ്റിസ് അബ്ദുള്‍ മോയിന്‍, ജസ്റ്റിസ് ബബിത റാണി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റാം കേവല്‍ പ്രസാദും മറ്റുചിലരും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.
പ്രതികള്‍ ബൈബിള്‍ വിതരണം ചെയ്തതായും മതപ്രഭാഷണങ്ങള്‍ നടത്തിയതായും ആരോപിച്ച് മതപരിവര്‍ത്തന നിരോധന നിയമപ്രകാരം യുപി പോലീസ് കേസെടുക്കുകയായിരുന്നു. സുല്‍ത്താപൂര്‍ ജില്ലയിലെ ധമ്മൂര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതപരിവര്‍ത്തന നിരോധന നിയമവും ഭാരതീയ ന്യായ സംഹിതയിലെ വ്യവസ്ഥകളും ചേര്‍ത്താണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. ഇത് റദ്ദാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
advertisement
പ്രതികള്‍ പ്രാര്‍ത്ഥനാ യോഗം സംഘടിപ്പിക്കുകയും ദളിതര്‍ക്കും ദരിദ്ര കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബൈബിള്‍ വിതരണം ചെയ്യുകയും അവരെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിക്കാരനായ മനോജ് കുമാര്‍ സിംഗ് എഫ്‌ഐആറില്‍ ആരോപിച്ചു. എന്നാല്‍ ഇത് കെട്ടിച്ചമച്ച കേസാണെന്നും ഒരു കുറ്റവും കണ്ടെത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം, സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹര്‍ജിയെ എതിര്‍ത്തു. എന്നാല്‍ ബൈബിള്‍ പ്രസംഗിക്കുന്നതും വിതരണം ചെയ്യുന്നതും ഒരു ക്രിമിനല്‍ പ്രവൃത്തിയാണെന്ന് തെളിയിക്കുന്നതില്‍ വാദിഭാഗം പരാജയപ്പെട്ടു. ഇരു കക്ഷികളുടെയും വാദം കേട്ട കോടതി വാദം കേള്‍ക്കുന്നതിനിടെ ഉന്നയിച്ച നാല് പ്രത്യേക പോയിന്റുകള്‍ ചൂണ്ടിക്കാട്ടി സ്വന്തം ഭാഗം വിശദീകരിച്ചുകൊണ്ട് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ മറുപടി ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതിവാദം നിരത്താന്‍ കോടതി ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കേസില്‍ ആറ് ആഴ്ചയ്ക്കുശേഷം അടുത്ത വാദം കേള്‍ക്കും.
