“പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 26 ന് ബംഗളൂരുവിലെത്തും. എച്ച്എഎൽ വിമാനത്താവളത്തിൽ 6,000-ത്തിലധികം ആളുകളുടെ അകമ്പടിയോടെ ഞങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും. അവിടെ വെച്ച് അദ്ദേഹം ബംഗളൂരുവിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തേക്കാം. ബി.ജെ.പി. ദേശീയ നേതാവ് സന്തോഷ് ജി. (ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ) പീനിയയിൽ ഒരു മെഗാ റോഡ്‌ഷോ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. ഞാൻ ദസറഹള്ളി എംഎൽഎ മുനിരാജുമായി ഇക്കാര്യം ചർച്ച ചെയ്തു”, ബിജെപി നേതാവും മുൻ മന്ത്രിയുമായ ആർ അശോക പറഞ്ഞു. “ബംഗളൂരുവിലെ ജനങ്ങൾ മോദിക്ക് ഗംഭീരമായ സ്വീകരണം നൽകും. കാരണം ഐഎസ്ആർഒ എന്നാൽ ബെംഗളൂരുവും, ബെംഗളൂരു എന്നാൽ ഐഎസ്ആർഒയും ആണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
പീനിയയ്ക്ക് സമീപം ഒരു കിലോമീറ്ററോളം റോഡ്ഷോ സംഘടിപ്പിക്കാനാണ് പദ്ധതിയെന്നും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലും ആളുകൾ എത്തുമെന്നും ആർ. അശോക പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാൻ പാർട്ടി ഓഫീസിൽ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും, ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും നേരിട്ട് അഭിനന്ദിക്കുന്നതിനായി അദ്ദേഹം ഇവിടുത്തെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) വിഭാഗത്തിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്‌സ് സന്ദർശിക്കാനാണ് സാധ്യതയെന്നാണ് വിവരം.
ചന്ദ്രയാൻ -3 യുടെ വിജയത്തിനു പിന്നാലെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. മുഴുവൻ ടീമിനെയും നേരിട്ട് അഭിനന്ദിക്കാൻ ബെംഗളൂരുവിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബ്രിക്സ് ഉച്ചകോടി നടക്കുന്ന ജോഹന്നാസ്ബർഗിൽ നിന്നാണ് എസ് സോമനാഥുമായി അദ്ദേഹം ഫോൺ സംഭാഷണം നടത്തിയത്. അവിടെ വെച്ച് പ്രധാനമന്ത്രി ചന്ദ്രയാന്റെ ലാൻഡിംഗിന് തൽസമയം സാക്ഷ്യം വഹിക്കുകയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചന്ദ്രയാൻ വിജയകരമായി ലാൻഡ് ചെയ്യിച്ച് ഇന്ത്യ ചരിത്രം കുറിച്ചത്.അതിസങ്കീര്‍ണമായ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. റഷ്യയുടെ ലൂണ-25 പേടകം ചന്ദ്രനിൽ ഇറങ്ങാൻ കഴിയാതെ പരാജയപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ചന്ദ്രയാൻ-3. സോഫ്റ്റ് ലാൻഡിങ് നടത്തിയത്.