കഴിഞ്ഞ ദിവസമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചത്. 189 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ 52 പുതുമുഖങ്ങൾ ഇടംനേടി. എട്ട് വനിതാ സ്ഥാനാർത്ഥികളും ഒബിസി വിഭാഗത്തിൽ നിന്ന് 32 സ്ഥാനാർത്ഥികളുമാണ് പട്ടികയിലുള്ളത്. 30 പേർ എസ്.സി വിഭാഗത്തിൽ നിന്നും 16 പേർ എസ്ടി വിഭാഗത്തിൽ നിന്നുമാണ്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഒരു മുസ്ലീം സ്ഥാനാർത്ഥി പോലും ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പിൽ മാറി നിൽക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം നിർദേശിച്ചതായി മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടർ പറഞ്ഞിരുന്നു. തിരഞ്ഞടുപ്പില്‍ സീറ്റ് ഉണ്ടാകില്ലെന്നും യുവാക്കള്‍ക്ക് വഴി മാറി നല്‍കണമെന്ന് കേന്ദ്രം നേതൃത്വം അറിയിക്കുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജഗദീഷ് ഷെട്ടര്‍ തുറന്നടിച്ചു.
advertisement
സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടാത്ത നേതാക്കളുടെ അനുയായികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിൽ, ജഗദീഷ് ഷെട്ടാർ ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജഗദീഷ് ഷെട്ടാർ പറഞ്ഞു.
എന്നാൽ, സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടാത്ത എംഎൽഎമാരോട് ഇക്കാര്യം നേരത്തേ പറഞ്ഞതാണ് എന്ന നിലപാടാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിലപാട്. അവസരം ലഭിക്കാത്തതിന്റെ കാരണവും പിന്നീട് ലഭിക്കാനിരിക്കുന്ന അവസരത്തെ കുറിച്ചും എംഎൽഎമാരോട് പറഞ്ഞിട്ടുണ്ടെന്നാണ് ബസവരാജ് ബൊമ്മെ വ്യക്തമാക്കിയത്. അച്ചടക്കമുള്ള പാർട്ടിയാണ് ബിജെപിയെന്നും എല്ലാത്തിനെയും ഉത്തരവാദിത്തത്തോടെ നേരിടാനുള്ള കഴിവ് പാർട്ടിക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.