ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനങ്ങളും എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങളും നശിപ്പിച്ചതായി പാകിസ്ഥാൻ ആസ്ഥാനമായുള്ള പ്രചാരണ അക്കൗണ്ടുകൾ ആരോപിച്ചിരുന്നു. എന്നാൽ ഓപ്പറേഷനിൽ തങ്ങളുടെ റാഫേൽ വിമാനങ്ങൾക്ക് യാതൊരുവിധത്തിനുമുള്ള കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഫ്‌ളൈ-പാസ്റ്റിന്റെ ഭാഗമായി റാഫേൽ, സു-30, എം.കെ.ഐ., മിഗ്-29, ജാഗ്വാർ, അപ്പാച്ചെ ഹെലികോപ്ടറുകൾ, ഇന്ത്യൻ നാവികസേനയുടെ P-8i വിമാനങ്ങൾ എന്നിവ പങ്കെടുത്തു. ഫൈ-പാസ്റ്റിൽ 16 യുദ്ധ വിമാനങ്ങൾ, നാല് ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, ഒൻപത് ഹെലികോപ്ടറുകൾ എന്നിവയുൾപ്പെടെ 29 വിമാനങ്ങളാണ് പങ്കെടുത്തത്. ഫ്ളൈ പാസ്റ്റിൽ വ്യോമസേനയുടെ തന്ത്രപരവും പ്രവർത്തനപരവുമായ കഴിവുകൾ എടുത്തുകാണിക്കുന്ന, കൃത്യതയുള്ള പ്രദർശനമായ വജ്രാംഗ് ഫോർമേഷനിൽ ആറ് റാഫേൽ വിമാനങ്ങളാണ് ഉണ്ടായിരുന്നത്.
advertisement
രണ്ട് റാഫേൽ ജെറ്റുകൾ, രണ്ട് മിഗ് 29 വിമാനങ്ങൾ, രണ്ട് സു-30 വിമാനങ്ങൾ, ഒരു ജഗ്വാർ വിമാനം എന്നിവയാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് വേണ്ടി കരുത്തായത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ വർഷം മേയിൽ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂറിൽ തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിന് വ്യോമസേനയ്ക്ക് കരുത്തായത് ഇവയാണ്.
ഓപ്പറേഷൻ സിന്ദൂർ
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ ഇന്ത്യ സൈനിക നടപടി സ്വീകരിച്ചത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യമായ ആക്രമണങ്ങൾ നടത്തുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീർ എന്നിവടങ്ങളിലെ ജെയ്‌ഷെ മുഹമ്മജ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീന് എന്നീ ഭീകര സംഘടനകളുടെ ക്യാംപുകൾ തകർക്കുന്നതിലാണ് ഇന്ത്യൻ വ്യോമസേന ശ്രദ്ധ കേന്ദ്രീകരിച്ചത്. ആക്രമണങ്ങളിൽ ജെയ്‌ഷെ മുഹമ്മദ് തലൻ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളും അടുത്ത നാല് സഹായികളും ഉൾപ്പെടെ 100ലധികം ഭീകരർ കൊല്ലപ്പെട്ടു.
എന്നാൽ ഇന്ത്യൻ നഗരങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈനിക പ്രതികരണത്തിന് ശ്രമിച്ചതോടെ ഇന്ത്യയും ആക്രമണം കടുപ്പിച്ചു. മേയ് 9, 10 ദിവസങ്ങളിൽ രാത്രിയിൽ നടത്തിയ നിർണായകമായ രണ്ടാം ഘട്ടത്തിൽ നൂർ ഖാൻ, സർഗോദ, ജേക്കബാബാദ്, മുരിദ്, റഫീഖി ഉൾപ്പെടെയുള്ള പ്രധാന പാക് വ്യോമതാവളങ്ങളെ ഇന്ത്യൻ സൈന്യം ആക്രമിച്ചു. ഇസ്ലാമാബാദ് ഇപ്പോഴും പരസ്യമായി അംഗീകരിക്കാത്ത നാശനഷ്ടങ്ങൾ ഇന്ത്യയുടെ ഈ ആക്രമണത്തിൽ പാകിസ്ഥാനുണ്ടായി. യുദ്ധവിമാനങ്ങൾ, മിസൈലുകൾ, പീരങ്കികൾ എന്നിവയുൾപ്പെടെ നാല് ദിവസം നീണ്ടുനിൽക്കുന്ന അതിർത്തി കടന്നുള്ള പോരാട്ടത്തിന് ഇത് തുടക്കമിട്ടു.
