പ്രതിപക്ഷത്തിന്റെ നുണ പ്രചാരണം തകർന്നതായി കേന്ദ്ര സർക്കാരും ബിജെപിയും പ്രതികരിച്ചു.
പ്രതിരോധ മേഖലയിൽ വിട്ടു വീഴ്ചയ്ക്ക് സാധ്യമല്ല, റഫേൽ വിമാനങ്ങളുടെ ഗുണനിലവാരത്തിൽ സംശയവുമില്ല, റഫേൽ ഇടപാടിൽ കോടതി മേൽനോട്ടത്തിൽ ഉള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ സുപ്രീംകോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ ഇവയായിരുന്നു. 126 റഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാൻ ആണ് ആദ്യം തീരുമാനിച്ചത് എങ്കിലും പിന്നീട് 36 വിമാനങ്ങൾ മാത്രം വാങ്ങിയാൽ മതി എന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തു. ഇതിന്റെ യുക്തി പരിശോധിക്കാനോ 126 യുദ്ധ വിമാനങ്ങൾ വാങ്ങണമെന്ന് നിർദ്ദേശിക്കാനോ കോടതിക്കാകില്ല.
advertisement
പഴയ കരാറിലെ വിലയും ഇപ്പോഴത്തെ കരാറിലെ വിലയും താരതമ്യം ചെയ്യൽ കോടതിയുടെ ജോലിയല്ല. മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ ഒരു അഭിമുഖത്തിന് ശേഷം ആണ് റഫേൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഫയൽ ചെയ്തിരിക്കുന്നത്. ഒരു വാർത്ത സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ ഇടപാടിനെ കുറിച്ച് ഒരു ജുഡീഷ്യൽ പരിശോധന സാധ്യമല്ലന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇടപാടിനെ സംബന്ധിച്ച തീരുമാനം എടുത്ത പ്രക്രിയയിൽ സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഇന്ത്യൻ പങ്കാളിയെ തിരഞ്ഞെടുത്തതിൽ ആർക്കെങ്കിലും പ്രത്യേക സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമം നടന്നതായി കരുതാൻ ആകില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യയ്ക്ക് നാല്, അഞ്ച് തലമുറ യുദ്ധ വിമാനങ്ങൾ വേണം എന്ന മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ നിലപാടം കോടതി പരിഗണിച്ചു.