കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. രാജ്യത്തിന് ഒരു മുഴുവൻ സമയ പ്രതിപക്ഷ നേതാവ് വേണമെന്നും ഇന്ത്യയിൽ ഇത്രയും പ്രധാനപ്പെട്ട സംഭവ വികാസങ്ങൾ നടക്കുമ്പോൾ രാഹുൽ ഗാന്ധി BMWയിൽ കറങ്ങി നടക്കുകയാണെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. വിവാദ തൊഴിലുറപ്പ് ബില്‍ അടക്കം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ രാഹുല്‍ഗാന്ധി ജര്‍മനിയില്‍ സന്ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.
advertisement
ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് പ്രതിപക്ഷത്തിന് നേതൃത്വം നൽകണമെന്നുള്ള കാര്യത്തിൽ കോൺഗ്രസ് പാർട്ടിയിൽ പോലും രണ്ടഭിപ്രായമില്ല. ഉത്തരേന്ത്യയിലെ പല കോൺഗ്രസ് നേതാക്കളും ചോദിക്കുന്നു രാഹുൽ ഗാന്ധി എവിടെയാണ് പോയിരിക്കുന്നതെന്ന്. ഇവിടെ രാവും പകലുമില്ലാതെ പ്രതിപക്ഷ നേതാക്കൾ തൊഴിലുറപ്പ് ബില്ലിനെതരെ പ്രതിഷേധിക്കുമ്പോൾ രാഹുൽ ഗാന്ധി ബിഎംഡബ്ളിയും ബൈക്ക് പരിശോധിക്കുകയാണെന്നും ഒരാഴ്ച കഴിഞ്ഞു പോയാൽ ബിഎംഡബ്ളിയു കമ്പനി പൂട്ടി പോവുക ഒന്നുമില്ലല്ലോ എന്നും ബ്രിട്ടാസ് പരിഹസിച്ചു. ഇതൊന്നും ഞങ്ങൾ പറയുന്നതല്ല . കോൺഗ്രിലെ തന്നെ എംപിമാർ പങ്കുവച്ചതാണ്. ഇത്തരം ഒരു വിവാദം ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നതല്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ സഖ്യത്തിലെ മുതിര്‍ന്ന നേതാവായ ഡിഎംകെയിലെ ടി ആര്‍ ബാലുവാണ് പ്രതിപക്ഷ നേതാവ് എവിടെയെന്ന് ചോദിച്ചത്.
കേരളത്തിലെ കോൺഗ്രസ് എംപിമാർ പോലും രഹസ്യമായി പറഞ്ഞു രാഹുൽ ഗാന്ധി പാർലമെന്റിൽ ഉണ്ടാകണമെന്ന്. കേരളത്തിൽ നിന്നുള്ള അരഡസനോളം എംപിമാർ ഇക്കാര്യം പറഞ്ഞിട്ടുണ്ടാകും. പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന ബില്ലുകളാണ് ദോശ ചുട്ടെടുക്കുന്ന പോലെ പാർലമെന്റിൽ കേന്ദ്ര സർക്കാർ ചുട്ടെടുക്കുന്നത്. രാഹുൽ ഗാന്ധിയെപ്പോലെ 'ജനപ്രീതി' ഉള്ള ഒരു നേതാവ് ഈ സന്ദർഭത്തിൽ പ്രതിപക്ഷത്തുണ്ടായിരുന്നെങ്കിൽ, അദ്ദേഹം തെരുവിലേക്കിറങ്ങിയിരുന്നെങ്കിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെയടക്കം ശ്രദ്ധയിൽ വിഷയം പെടുമായിരുന്നെന്നും ബ്രിട്ടാസ് പറഞ്ഞു. ലോകത്തിൽ എത്രയോ രാജ്യങ്ങൾ ഉറ്റുനോക്കി നടപ്പിലാക്കി പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതിയെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദു ചെയ്താണ് വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) എന്ന പേരിലുള്ള തൊഴിലുറപ്പ് ബിൽ പാർലമെന്റിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ബിൽ ചർച്ച ചെയ്യുമ്പോൾ, രാഹുൽ ഗാന്ധി ജർമൻ സന്ദർശനത്തിലായിരുന്നു. മ്യൂണിച്ചിലുളള ബിഎംഡബ്ല്യൂവിന്റെ പ്ലാന്റ് സന്ദര്‍ശിച്ചശേഷം സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം വീഡിയോ പങ്കുവെച്ചിരുന്നു.
