ഇന്റർസിറ്റി റൂട്ടുകളിൽ സർവീസ് നടത്തുന്ന എല്ലാ ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകളുടെയും റേക്ക് ഉത്പാദനം ഇതിനോടകം തന്നെ നിറുത്തിവെച്ചിരിക്കുകയായിരുന്നു. ഇതിന് പകരം വന്ദേഭാരത് റേക്കുകൾ സ്ഥാപിക്കുമെന്ന് ഔദ്യോഗിക റെയിൽവെ വൃത്തങ്ങൾ അറിയിച്ചു. പദ്ധതിയിട്ട റേക്കുകളിൽ 68 എണ്ണം 16 കോച്ചുകളുള്ള ട്രെയിനുകളായിരിക്കും. ശേഷിക്കുന്ന 20 എണ്ണത്തിന് 20 കോച്ചുകളാണ് ഉണ്ടാകുക.
വന്ദേഭാരത് ചെയർ കാർ റേക്ക് പരമാവധി മണിക്കൂറിൽ 160 കിലോമീറ്റർ വേഗതിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് പ്രധാനമായും പകൽ സമയത്തെ ഇന്റർസിറ്റി സർവീസുകൾക്കായി ഉദ്ദേശിച്ചുള്ളതാണ്.
advertisement
2025 ഡിസംബർ വരെ, ഐ.സി.എഫ്., റെയിൽ കോച്ച് ഫാക്ടറി (കപൂർത്തല), മോഡേൺ കോച്ച് ഫാക്ടറി (റായ്ബറേലി) എന്നീ മൂന്ന് കോച്ച് പ്രൊഡക്ഷൻ യൂണിറ്റുകൾ ചേർന്ന് ഏകദേശം 96 വന്ദേ ഭാരത് ചെയർ കാർ റേക്കുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതിൽ 82 എണ്ണം നിലവിൽ സർവീസ് നടത്തുന്നുണ്ട്. ചിലത് സ്‌പെയർ കോച്ചുകളായി സൂക്ഷിച്ചിരിക്കുകയാണ്. ദക്ഷിണ റെയിൽവെ, നോർത്തേൺ റെയിൽവെ, മറ്റ് സോണുകൾ എന്നിവയ്ക്ക് കുറച്ച് അധികം റേക്കുകൾ ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും ഇതുവരെ പ്രവർത്തന ക്ഷമമായിട്ടില്ലെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
'വന്ദേഭാരത് ചെയർ കാർ കോച്ചുകളുടെ ഉത്പാദനം തുടരാൻ നയപരമായി തീരുമാനമെടുത്തു'
പുതിയ തീരുമാനം പ്രകാരം ഐ.സി.എഫ്., ആർ.സി.എഫ്., എം.സി.എഫ്. എന്നിവ യഥാക്രമം 720, 336, 444 കോച്ചുകളാണ് നിർമിക്കുക. ആകെ 1500 കോച്ചുകൾ മൂന്ന് സ്ഥാപനങ്ങളും ചേർന്ന് നിർമിക്കും. 2026-27ൽ എല്ലാ യൂണിറ്റുകളും ചേർന്ന് 16 കാർ ട്രെയിൻ സെറ്റുകളുടെ 23 റേക്കുകളാണ് ഉത്പാദിപ്പിക്കുക.
2028-29 കാലയളവിൽ, ഐ.സി.എഫ്. 20 കോച്ചുകളടങ്ങിയ ട്രെയിൻ സെറ്റുകളുടെ 20 റേക്കുകൾ നിർമ്മിക്കും. അതേസമയം എം.സി.എഫ് 16 കോച്ചുകളുള്ള സെറ്റുകളുടെ 12 റേക്കുകൾ നിർമ്മിക്കും. ജനുവരി 2 ന് റെയിൽവേ ബോർഡിന്റെ ഡയറക്ടർ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്-പ്രൊഡക്ഷൻ യൂണിറ്റുകൾ) പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, 2029-30 ൽ, മൂന്ന് യൂണിറ്റുകളും ചേർന്ന് 16 കാറുകളുള്ള വന്ദേ ഭാരത് ട്രെയിൻ സെറ്റുകളുടെ 33 റേക്കുകൾ നിർമ്മിക്കും. 2027-28 കാലയളവിൽ വന്ദേ ഭാരത് റേക്കുകൾ നിർമ്മിക്കാൻ പദ്ധതിയില്ലായിരുന്നു.
2018 നും 2025 നും ഇടയിൽ ഐ.സി.എഫ് 88 ൽ അധികം വന്ദേ ഭാരത് ട്രെയിൻ സെറ്റുകൾ നിർമ്മിച്ചതായി സ്രോതസ്സുകൾ സൂചിപ്പിച്ചു. വന്ദേ ഭാരത് സ്ലീപ്പർ വേരിയന്റിന്റെ ഉത്പാദനത്തിൽ ഇന്ത്യൻ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, 2025-26 ൽ ഇന്റർസിറ്റി സർവീസുകൾക്കായി 11 വന്ദേ ഭാരത് ചെയർ കാർ റേക്കുകളുടെ ഉത്പാദനം മാത്രമേ ഐ.സി.എഫിന് അനുവദിച്ചുള്ളൂ. അതേസമയം മറ്റ് യൂണിറ്റുകൾ 20 ട്രെയിൻ സെറ്റുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു.
'വന്ദേ ഭാരത് ചെയർ കാർ കോച്ചുകളുടെ നിർമ്മാണം തുടരാൻ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. അടുത്ത നാല് വർഷത്തിനുള്ളിൽ പഴകിയ ശതാബ്ദി എക്‌സ്പ്രസ് റേക്കുകൾ മാറ്റിസ്ഥാപിച്ചേക്കും,'' ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
