പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയെടുത്തെങ്കിലും വനിതാസംവരണം നടപ്പിലാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും ഇത് നടപ്പിലാകുക.
Also Read- വനിതാ സംവരണ ബില്‍ വീണ്ടും; ചരിത്രം, വിവാദം, തടസങ്ങൾ
രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലാണിത്. നിലവിലുള്ള 33 ശതമാനത്തിൽ സംവരണത്തിൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് എംപിമാർ ഭേഗതിയിലൂടെ ആവശ്യപ്പെട്ടു. വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നും 9 എംപിമാർ ചേർന്ന് അവതരിപ്പിച്ച ഭേദഗതിയിൽ ആവശ്യപ്പെടുന്നു.
2026നകം സംവരണം പൂർണ തോതിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഉറപ്പു നൽകാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തയാറാകണമെന്ന് മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടു. നോട്ടുനിരോധനവും ലോക്ഡൗണുമെല്ലാം പെട്ടെന്നു നടപ്പിലാക്കിയ സർക്കാർ എന്തുകൊണ്ടാണ് വനിതാ സംവരണം 2024ലെ തെരഞ്ഞെടുപ്പിൽ തന്നെ നടപ്പിലാക്കുന്നതിൽനിന്നും പിന്തിരിയുന്നതെന്ന് എൻസിപി അംഗം വന്ദന ചവാൻ ചോദിച്ചു.
ബിൽ ബുധനാഴ്ച ലോക്സഭ പാസാക്കിയിരുന്നു. 454 പേർ അനുകൂലിച്ചും 2 പേർ എതിർത്തും വോട്ടു ചെയ്തു. എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്‌തത്. അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം സഭ ശബ്ദവോട്ടോടെ തള്ളിയിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിങ്ങിൽ ലോക്സഭയിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ അവതരിപ്പിച്ചത്. 8 മണിക്കൂറോളം നീണ്ട ചർച്ചകൾക്കു ശേഷമാണ് വോട്ടെടുപ്പിലൂടെ ലോക്സഭ ബിൽ പാസാക്കിയത്.