പ്രധാനമായും പ്രളയബാധിത പ്രദേശങ്ങളായ അമൃത്സറിലെയും സുല്‍ത്താന്‍പൂര്‍ ലോധിയിലെയും 10,000ത്തിലധികം കുടുംബങ്ങളിലേക്ക് സഹായമെത്തിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.
ഈ ദുരിതകാലത്ത് പഞ്ചാബിലെ ജനങ്ങള്‍ക്ക് തങ്ങളുടെ ഹൃദയം തുണയാകുന്നുവെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ അനന്ത് അംബാനി പറഞ്ഞു. "പഞ്ചാബിലെ കുടുംബങ്ങള്‍ക്ക് അവരുടെ പാര്‍പ്പിടങ്ങളും ഉപജീവനമാര്‍ഗങ്ങളും സുരക്ഷിതത്വബോധവും നഷ്ടപ്പെട്ടു. മുഴുവന്‍ റിലയന്‍സ് കുടുംബവും ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കുന്നു. ഭക്ഷണം, വെള്ളം, ഷെല്‍ട്ടര്‍ കിറ്റുകള്‍, ആളുകള്‍ക്കും മൃഗങ്ങള്‍ക്കും പരിചരണം എന്നിവ കമ്പനി നല്‍കുന്നുണ്ട്. 'വി കെയര്‍' എന്ന കമ്പനിയുടെ പ്രതിബദ്ധത ഈ പത്തിന സഹായ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് പഞ്ചാബിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്", അനന്ത് അംബാനി പറഞ്ഞു.
advertisement
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍, വൃദ്ധരായ ആളുകള്‍ നയിക്കുന്ന കുടുംബങ്ങള്‍ എന്നിവരുള്‍പ്പെടെ ദുര്‍ബലരായ കുടുംബങ്ങള്‍ക്ക് ഡ്രൈ റേഷന്‍ കിറ്റുകളും 5,000 രൂപയുടെ വൗച്ചര്‍ അധിഷ്ഠിത സഹായവും പത്തിന പദ്ധതിയുമായി ഭാഗമായി റിലയന്‍സ് നല്‍കുന്നുണ്ട്.
ഇതുകൂടാതെ കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് ഡ്രൈ റേഷന്‍ സഹായവും കമ്പനി നല്‍കും. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ പോര്‍ട്ടബിള്‍ വാട്ടര്‍ ഫില്‍ട്ടറുകളും കമ്പനി വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ വീടുകളില്‍ നിന്ന് മാറിതാമസിക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്ക് ടാര്‍പോളിനുകളും കിടക്കകളും കൊതുകുവലകളും കയറുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര ഷെല്‍ട്ടര്‍ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും റിലയന്‍സ് നടത്തിവരുന്നു. ജലസ്രോതസ്സുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും റിലയന്‍സ് നടത്തുന്നുണ്ട്. പ്രളയത്തെ തുടര്‍ന്നുള്ള രോഗ വ്യാപനം തടയുന്നതിന് ശുചിത്വ കിറ്റുകളും നല്‍കിവരുന്നുണ്ട്.
കൂടാതെ റിലയന്‍സ് ഫൗണ്ടേഷനും വന്‍താരയും മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് മൃഗങ്ങളുടെ പരിപാലനത്തിനായി വെറ്റിനറി ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഏകദേശം 5,000 കന്നുകാലികള്‍ക്കായി 3,000 തീറ്റപ്പുല്ല് കെട്ടുകള്‍ വിതരണം ചെയ്തു. പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ മൃഗങ്ങള്‍ക്കുള്ള ചികിത്സയും ഉറപ്പാക്കുന്നുണ്ട്.
അതേസമയം ജിയോയുടെ പഞ്ചാബ് ടീം എന്‍ഡിആര്‍എഫ് ടീമുകളുമായി ചേര്‍ന്ന് പ്രദേശത്തെ നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചു. ഇതുവഴി പ്രളയബാധിത പ്രദേശങ്ങളില്‍ തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നു.