രാം ലല്ലയുടെ ആഭരണങ്ങൾ രൂപകല്പന ചെയ്യുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ജോലിയായിരുന്നു എന്ന് മിശ്ര പറഞ്ഞു. "ഇതിൽ മുഴുവൻ ട്രസ്റ്റും ഉൾപ്പെട്ടിരുന്നു. ഗോവിന്ദ് ദേവ് ഗിരിജി മഹാരാജിൽ നിന്ന് ഞങ്ങൾക്ക് എല്ലാ നിർദ്ദേശങ്ങളും ലഭിച്ചിരുന്നു. കൂടാതെ രാം ലല്ലയെ എങ്ങനെ അലങ്കരിക്കണമെന്ന കാര്യത്തിൽ ചമ്പത് റായ്ജിയുടെ പൂർണ പിന്തുണയും ഉണ്ടായിരുന്നു" എന്ന് അദ്ദേഹം വ്യക്തമാക്കി. രാമനെക്കുറിച്ച് വിവരിക്കുന്ന തുളസീദാസ് രചിച്ച ഇതിഹാസ കാവ്യമായ രാമചരിതമാനസ്സും വാത്മീകി രാമായണവുമെല്ലാം ഇതിൽ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
" കൂടാതെ പല ശ്ലോകങ്ങളിലും മന്ത്രങ്ങളിലും ദക്ഷിണേന്ത്യൻ ഗ്രന്ഥങ്ങളിലും രാം ലല്ലയുടെ അലങ്കാരത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള മഹാനായ സന്യാസി യമുനാചാര്യ ജി രചിച്ച അലവന്ദർ സ്തോത്രത്തിൽ രാമന്റെ അലങ്കാര സങ്കല്പങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട് ” എന്നും മിശ്ര പറഞ്ഞു. അഞ്ചുവയസ്സുള്ള ഒരു ബാലവിഗ്രഹമായതിനാൽ കാൽത്തളയും നൽകി. അതോടൊപ്പം വിഗ്രഹത്തിന്റെ നെഞ്ചിൽ ശ്രീവത്സ ചിഹ്നം ഉണ്ടായിരുന്നു. രാമൻ കൗസ്തുഭമണി ധരിക്കുമായിരുന്നു എന്നും ഇതിഹാസങ്ങളിൽ പറയുന്നു. അതൊരു ദൈവിക രത്നമാണ്. അത് എന്തിൽ നിന്നാണെന്ന് ആർക്കും അറിയില്ല. അതിനാൽ ഞങ്ങൾ അതിനെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തി. അങ്ങനെ രാമൻ സൂര്യവംശത്തിൽ പിറന്നതാണെന്ന് മനസ്സിലാക്കി. സൂര്യൻ്റെ പ്രതീകാത്മക നിറം ചുവപ്പായതിനാൽ മാണിക്യവും വജ്രവും ഉപയോഗിച്ച് ആഭരണങ്ങളും കീരീടവും തയ്യാറാക്കാം എന്നും തീരുമാനിച്ചു.
ശ്രീരാമൻ വിജയത്തിൻ്റെ പ്രതീകമായ വൈജന്തി മാലയും ധരിക്കുമായിരുന്നു. പല ക്ഷേത്രങ്ങളിലും രാമന്റെ ആഭരണങ്ങളിൽ ഇത് കാണാം. ശ്രീരാമൻ്റെ എല്ലാ വൈഷ്ണവ ചിഹ്നങ്ങളും (ശംഖ്, ചക്രം, ഗദ ) ഉൾപ്പെടുത്തികൊണ്ട് മറ്റ് ആഭരണങ്ങളും നിർമ്മിച്ചു എന്നും മിശ്ര വിശദീകരിച്ചു. ദേവന്മാർക്ക് ഇഷ്ടമുള്ള അഞ്ച് തരം പൂക്കളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാമന്റെ ആഭരണങ്ങൾ പുരാതന ഗ്രന്ഥങ്ങളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
അതേസമയം നാഗര ശൈലിയിലുള്ള വാസ്തുവിദ്യ ഉപയോഗിച്ച് ക്ഷേത്രം നിർമ്മിച്ചതിന്റെ കാരണം എന്താണെന്ന് രാമക്ഷേത്ര വാസ്തുശില്പി ആശിഷ് സോംപുര പറഞ്ഞു. " ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വടക്കുഭാഗങ്ങൾ നാഗര ശൈലിയാലാണ് മൂടപ്പെട്ടിരിക്കുന്നത്. ഒഡീഷയിൽ വെസാര ശൈലിയും തെക്ക് ദ്രാവിഡ ശൈലിയുമുണ്ട്. നാഗര ശൈലി വാസ്തുവിദ്യാപരമായി വളരെ നന്നായി വികസിപ്പിച്ചതാണ്. കാരണം വടക്കുഭാഗത്ത് ജൈനമതവും ഹിന്ദുമതവും ഉണ്ട്, എന്നാൽ നാഗര ശൈലിയിൽ ഓരോ ദൈവങ്ങൾക്കും പ്രത്യേകമായ വാസ്തുവിദ്യാ ശൈലികളുണ്ട്. കൂടാതെ, രാമക്ഷേത്രം ഉത്തരേന്ത്യയിലാണ്. അതിനാൽ, 1980- മുതൽ, എൻ്റെ അച്ഛൻ (വാസ്തുശില്പിയായ ചന്ദ്രകാന്ത് സോംപുര) നാഗര ശൈലിയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന് തീരുമാനിച്ചിരുന്നു" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.