തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ദയനീയ പരാജയത്തിന് പ്രധാന കാരണം ആര്‍ജെഡിയുടെ സഹകരണക്കുറവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് ആണെന്ന് കുറ്റപ്പെടുത്തി ആര്‍ജെഡി മോധാവിയും രംഗത്തെത്തിയിരിക്കുന്നത്.
ആര്‍ജെഡി പ്രവര്‍ത്തകര്‍ തുടക്കംമുതല്‍ മഹാസഖ്യത്തിന് അനുകൂലമായിരുന്നില്ലെമന്നും എന്നിട്ടും തേജസ്വി പ്രസാദ് യാദവ് വളരെ വലിയ മനസ്സോടെ കോണ്‍ഗ്രസിന് 61 സീറ്റുകള്‍ ഉദാരമായി നല്‍കിയതാണെന്നും മംഗാനി ലാല്‍ മണ്ഡല്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പലയിടത്തും ശാഠ്യം പിടിച്ച് തങ്ങള്‍ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്തവര്‍ക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്നും മണ്ഡല്‍ പറഞ്ഞു.
advertisement
കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകള്‍ ആര്‍ജെഡിയുടെ പിന്തുണ കാരണമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. "ആര്‍ജെഡി ഇല്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ഇതിലും മോശമാകുമായിരുന്നു. 2020-ല്‍ ആര്‍ജെഡി കാരണം അവര്‍ക്ക് 19 സീറ്റ് ലഭിച്ചു. അടുത്ത തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വേറെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അത് വളരെ നല്ലതായിരിക്കും. ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യും. ഒറ്റയ്ക്ക് മത്സരിച്ചാല്‍ അവരുടെ യഥാര്‍ത്ഥ ശക്തി പുറത്തുവരും. ആരെയെങ്കിലും ബലപ്രയോഗത്തിലൂടെ കെട്ടിയിടാന്‍ ആര്‍ക്കും കഴിയില്ല', മണ്ഡല്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രക്രിയ നീതിയുക്തമായല്ല നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പരസ്യമായി പണക്കൈമാറ്റം നടത്തി. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിച്ചിട്ടും തങ്ങള്‍ക്ക് ഒരു കോടിയിലധികം വോട്ടുകള്‍ ലഭിച്ചതായും ധാര്‍മ്മികമായി ആര്‍ജെഡി വിജയികളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മണ്ഡലിന്റെ പ്രസ്താവനകളോട് കോണ്‍ഗ്രസ് നേതാക്കളും രൂക്ഷമായി പ്രതികരിച്ചു. ആര്‍ജെഡിക്ക് ശക്തിയില്ലെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നതെന്ന് പാര്‍ട്ടിയുടെ സംസ്ഥാന വക്താവ് അസിത് നാഥ് തിവാരി ചോദിച്ചു. സീറ്റുകള്‍ക്ക് വേണ്ടി യാചിച്ചവര്‍ ഇപ്പോള്‍ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും തിവാരി ആരോപിച്ചു.
ആര്‍ജെഡി മനപൂര്‍വം കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് ഗ്യാന്‍ രജ്‌നാന്‍ പറഞ്ഞു. മഹാസഖ്യം നിലനിര്‍ത്താന്‍ നിരവധി ത്യാഗങ്ങള്‍ ചെയ്ത കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്താന്‍ മണ്ഡലിനോട് ആര്‍ജെഡി ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
പാറ്റ്‌നയില്‍ നടന്ന ആര്‍ജെഡിയുടം തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പരാജയപ്പെട്ട എംഎല്‍എമാര്‍, എംഎല്‍സിമാര്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച ആരംഭിച്ച യോഗം ഡിസംബര്‍ നാലിന് അവസാനിക്കും.
സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള അടുത്ത നടപടി രൂപപ്പെടുത്താന്‍ ജില്ലാ തിരിച്ചുള്ള അവലോകന യോഗങ്ങളെ അടിസ്ഥാനമാക്കി ഒരു അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തേജസ്വി പ്രസാദ് യാദവിന് അയക്കുമെന്ന് ഒരു മുതിര്‍ന്ന ആര്‍ജെഡി നേതാവ് പറഞ്ഞു. ആഭ്യന്തര അട്ടിമറി, ദുര്‍ബലമായ ബൂത്ത് മാനേജ്‌മെന്റ്, മഹാസഖ്യത്തിന്റെ തെറ്റായ തിരഞ്ഞെടുപ്പ് തന്ത്രം എന്നിവയും പരാജയത്തിന് കാരണമായ മറ്റ് ഘടകങ്ങളായി യോഗങ്ങളില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി.
