എല്ലാ പഴികളും ഏറ്റെടുക്കുകയാണെന്ന് പറഞ്ഞ രോഹിണി ആചാര്യ, തേജസ്വി യാദവിന്റെ അടുത്ത വിശ്വസ്തനായ സഞ്ജയ് യാദവും സഹായി റമീസുമാണ് തന്നോട് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടതെന്ന് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
"ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്... സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ഇതാണ്... എല്ലാ കുറ്റവും ഞാൻ ഏറ്റെടുക്കുന്നു," അവർ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ആർജെഡി വിമതനായ സഞ്ജയ് യാദവിനും സഹായി റമീസ് ആലത്തിനുമെതിരെ രോഹിണിയുടെ സഹോദരൻ തേജസ്വി യാദവ് നടപടിയെടുക്കാത്തതിനെത്തുടർന്ന് പോസ്റ്റ് ഒരു സമ്മർദ്ദ തന്ത്രമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.തേജസ്വിയുടെ യാത്രയ്ക്കിടെ സഞ്ജയ് തേജസ്വിയുടെ ഒപ്പം സീറ്റിൽ ഇരിക്കുന്നത് കണ്ടപ്പോൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു രോഹിണിയെന്ന് വൃത്തങ്ങൾ പറയുന്നു.
advertisement
സഞ്ജയ് യാദവിനെതിരെ നടപടിയെടുക്കാൻ ലാലു പ്രസാദോ റാബ്രി ദേവിയോ തേജസ്വിയുടെ മേൽ സമ്മർദ്ദം ചെലുത്തിയതായി ഇതുവരെ സൂചനയില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 'കുടുംബത്തെ തള്ളിപ്പറയുന്നു' എന്ന രോഹിണിയുടെ പ്രഖ്യാപനം പാർട്ടിയുടെ ആഭ്യന്തര കലഹത്തിൽ ഇടപെടാൻ മാതാപിതാക്കളെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വൈകാരിക നീക്കമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ആർജെഡി ക്യാമ്പിലെ സ്വാധീനമുള്ള വ്യക്തിയായ രോഹിണി മെഡിക്കൽ ബിരുദധാരിയായാണ്. തന്റെ പിതാവിന് വൃക്ക ദാനം ചെയ്തതോടെ രോഹിണി വാർത്തകളിൽ ഇടം നേടിയിരുന്നു.കഴിഞ്ഞ വർഷം, പിതാവ് വർഷങ്ങൾക്ക് മുമ്പ് പ്രതിനിധീകരിച്ചിരുന്ന സരൺ ലോക്സഭാ സീറ്റിൽ ആർജെഡി ടിക്കറ്റിൽ രോഹിണി മത്സരിച്ചെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെടുകയായിരുന്നു.
യാദവ കുടുംബത്തിനുള്ളിൽ വർദ്ധിച്ചുവരുന്ന ഭിന്നതകളാണ് രോഹിണിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ഈ വർഷം ആദ്യം ലാലു പ്രസാദ് യാദവ് തന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും ആറ് വർഷത്തേക്ക് പുറത്താക്കുകയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. 12 വർഷമായി തേജ് പ്രതാപുമായി പ്രണയബന്ധത്തിലാണെ് പറഞ്ഞ് അനുഷ്ക യാദവ് എന്നയുവതിയുടെ പോസ്റ്റ് വൈറലായതിനെത്തുടർന്നണ്ടായ രാഷ്ട്രീയ കോളിളക്കമായിരുന്നു തീരുമാനത്തിന് പിന്നിൽ.പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ജനശക്തി ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച തേജ് പ്രതാപ് യാദവിന് എങ്ങും ജയിക്കാനായില്ല.
