നടന്റെ വീട്ടിൽ നിന്ന് ശേഖരിച്ച് 19 വിരൽ അടയാളങ്ങളും പ്രതി മുഹമ്മദ് ശരീഫുൽ ഇസ്ലാമിന്റെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നതല്ല എന്ന് എന്ന് സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) കീഴിലുള്ള ഫിംഗർപ്രിന്റ് ബ്യൂറോ. പരിശോധന ഫലം നെഗറ്റീവ് ആണെന്ന് മുംബൈ പൊലീസിനെ അറിയിച്ചതായി സിഐഡി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കായി മുംബൈ പൊലീസ് അയച്ചിട്ടുണ്ട്.
ജനുവരി 15ന് വീട്ടിലെ മോഷണ ശ്രമത്തിനിടെയാണ് 54കാരനായ സെയ്ഫ് അലിഖാന് കുത്തേറ്റത്. അക്രമിയെ നേരിടുന്നതിനിടയിലാണ് നടനെ 6 വട്ടം അക്രമി കത്തികൊണ്ട് കുത്തുകയായിരുന്നു. ഒരു കുത്തേറ്റത് നട്ടെല്ലിലായിരുന്നു. വിദഗ്ദ ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ച ആശുപത്രി വിട്ട അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
advertisement
അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശ് പൗരനാണ് പൊലീസ് അറസ്റ്റ് ചെയ്ത ശരീഫുൽ ഇസ്ലാം. വ്യാജ പൗരത്വ രേഖകൾ നൽകാമെന്ന് ആരോ വാഗ്ദാനം ചെയ്തതിന് പണം സംഘടിപ്പിക്കാണ് സെയ്ഫിന്റെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾക്ക് പൗരത്വ രേഖകൾ നൽകാമെന്ന് പറഞ്ഞ ആളെ പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം അറസ്റ്റിലായ മുഹമ്മദ് ശരീഫുൽ കേസിലെ യഥാർത്ഥ പ്രതി അല്ലെന്ന് അദ്ദേഹത്തിൻറെ പിതാവ് രോഹുൽ അമീൻ നേരത്തെ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് തന്റെ മകനല്ലെന്നും വ്യാജ തെളിവുണ്ടാക്കി മകനെ പൊലീസ് കുടുക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു പിതാവിൻറെ ആരോപണം. ഇതിന് പിന്നാലെയാണ് വിരലടയാള റിപ്പോർട്ടുകൾ നെഗറ്റീവാണെന്ന റിപ്പോർട്ട് പുറത്തുവന്നത്.