സഞ്ജയ് ഗാന്ധി (മരണം: 1980) : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇളയ മകനും എം.പിയുമായ സഞ്ജയ് ഗാന്ധി 1980 ജൂൺ 23 ന് ന്യൂഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപം ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അമ്മയ്ക്ക് ശേഷം സഞ്ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തലവനാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ആകസ്മിക മരണം. വിമാനം പറത്തുന്നതിൽ അതിയായ അഭിനിവേശമുള്ള സഞ്ജയ്, പുതിയ വിമാനത്തിൽ അക്രോബാറ്റിക്സ് നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്.
മാധവറാവു സിന്ധ്യ (2001): 2001 സെപ്റ്റംബറിൽ കാൺപൂരിൽ നിന്ന് 172 കിലോമീറ്റർ അകലെയുള്ള മെയിൻപുരി ജില്ലയുടെ പ്രാന്തപ്രദേശത്ത് സ്വകാര്യ വിമാനം തകർന്ന് മുതിർന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മാധവറാവു സിന്ധ്യയും മറ്റ് ആറ് പേരും കൊല്ലപ്പെട്ടു.
advertisement
ജി.എം.സി. ബാലയോഗി (2002) : 2002 മാർച്ച് 3 ന്, ലോക്സഭയുടെ പന്ത്രണ്ടാമത്തെ സ്പീക്കറായിരുന്ന തെലുങ്ക് ദേശം പാർട്ടി നേതാവ് ജി.എം.സി. ബാലയോഗി ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൈക്കലൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. 1998 ൽ, ബാലയോഗി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999 ൽ അദ്ദേഹം വീണ്ടും പതിമൂന്നാം ലോക്സഭയുടെ സ്പീക്കറായി.
വൈ.എസ്. രാജശേഖര റെഡ്‌ഡി (2009): ആന്ധ്രാപ്രദേശിൽ രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി 2009 സെപ്റ്റംബർ 2ന് രുദ്രകൊണ്ട കുന്നിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഏകദേശം 24 മണിക്കൂർ കാണാതായി. ഹെലികോപ്റ്റർ കണ്ടെത്തുന്നതിനായി വൻ രക്ഷാപ്രവർത്തനം നടന്നിരുന്നു.
ജനറൽ ബിപിൻ റാവത്ത് (2021): 2021 ഡിസംബർ 8 ന് നടന്ന Mi-17 V5 ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് മരിച്ചു. ജനറൽ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ ആകെ 12 പേർ അപകടത്തിൽ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ കൂനൂരിനടുത്തുള്ള മലനിരകളിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്.
ദേവകി ഗോപിദാസ് (1973): കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ദേവകി ഗോപിദാസ്. 1962 മുതൽ 1968 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമെന്ന നിലയിൽ കേരളത്തെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗമായിരുന്നു. 1973 മെയ് 31 ന് ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 440 അപകടത്തിൽ അവർ കൊല്ലപ്പെട്ടു.
കെ. ബാലദണ്ഡായുധം (1973): ദേവകി ഗോപിദാസ് സഞ്ചരിച്ചിരുന്ന അതേ വിമാനത്തിലായിരുന്നു കെ. ബാലദണ്ഡായുധം യാത്ര ചെയ്തതും. കോയമ്പത്തൂരിൽ നിന്നുള്ള പാർലമെന്റ് അംഗവും പ്രമുഖ സിപിഐ നേതാവുമായിരുന്നു അദ്ദേഹം.
എൻ.വി.എൻ. സോമു (1997): ഡിഎംകെ നേതാവ് എൻ.വി. നടരാജന്റെ മകനായിരുന്ന അദ്ദേഹം 1997 നവംബർ 14 ന് കേന്ദ്ര പ്രതിരോധ സഹമന്ത്രിയായിരിക്കെ അരുണാചൽ പ്രദേശിൽ നടന്ന ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.
സുരേന്ദ്ര നാഥ് (1994): പഞ്ചാബ് ഗവർണറായിരുന്ന സുരേന്ദ്ര നാഥ്, ഹിമാചൽ പ്രദേശിന്റെ അധിക ചുമതല കൂടി വഹിച്ചിരുന്ന വേളയിലാണ് ഹിമാചലിൽ നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെടുന്നത്. 1994 ജൂലൈ 9 ന് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം മാണ്ഡി ജില്ലയിൽ തകർന്നുവീണു.
വിജയ് രൂപാണി (2025): ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവും. 2025 ജൂൺ 12 ന്, ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റ് 171 തകർന്ന് മരിച്ച 241 പേരിൽ അദ്ദേഹവും ഉൾപ്പെടുന്നു. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ, വിമാനം ബി.ജെ. മെഡിക്കൽ കോളേജിലെ ഒരു ഹോസ്റ്റൽ ബ്ലോക്കിൽ ഇടിച്ചുകയറി, വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരും, സ്ഥലത്തുണ്ടായിരുന്ന 19 പേരും അപകടത്തിൽ കൊല്ലപ്പെട്ടു.
അജിത്ത് പവാർ (2026): 2026 ജനുവരി 28ന് മഹാരാഷ്ട്രയിൽ സ്വകാര്യ വിമാനം ലാൻഡിംഗിന് തൊട്ടു മുൻപ് തകർന്നു വീണ സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഒപ്പം യാത്ര ചെയ്ത പൈലറ്റ് ഉൾപ്പെടെ മറ്റ് അഞ്ചു പേരും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു.
