വോട്ടെണ്ണൽ വേളയിലൂടനീളം ആയിരം വോട്ടുകളുടെ വ്യത്യാസത്തിൽ സൗമിത്ര ഖാനും സുജാത മൊണ്ടാലും പരസ്പരം ലീഡ് നിലനിർത്തിയിരുന്നു. 2014-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാർഥിയായിരുന്ന സൗമിത്ര ഖാൻ ഇതേ മണ്ഡലത്തില്‍ നിന്നും വിജയിച്ച ആളാണ്. എന്നാൽ പിന്നീട് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം തൃണമൂല്‍ വിട്ട് ബിജെപിയിലെത്തുകയായിരുന്നു. 2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ 78,000-ത്തിലധികം വോട്ടുകൾക്കാണ് സൗമിത്ര രണ്ടാമതും ജയം നേടിയത്. അന്ന് അദ്ദേഹത്തിന് വേണ്ടി ഭാര്യയായിരുന്ന സുജാതയാണ് പ്രചരണത്തിനിറങ്ങിയിരുന്നത്.
advertisement
തിരഞ്ഞെടുപ്പ് സമയത്ത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ബിഷ്ണുപൂർ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറെണ്ണം സ്ഥിതി ചെയ്യുന്ന ബങ്കുര ജില്ലയിൽ പ്രവേശിക്കാൻ അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്നാണ് സൗമിത്രയ്ക്ക് വേണ്ടി ഈ മണ്ഡലങ്ങളിൽ ഭാര്യ സുജാത രംഗത്തിറങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ ഭർത്താവിന്റെ വിജയത്തിനായി മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടും തനിക്ക് അർഹമായ അംഗീകാരം ബിജെപിയിൽ നിന്ന് ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സുജാത ടിഎംസിയില്‍ ചേർന്നത്.
ഇത്തവണ സൗമിത്രയുടെ മുൻ ഭാര്യക്കെതിരെയുള്ള മത്സരം ഭൂരിപക്ഷം കുത്തനേ ഇടിയാൻ കാരണമായി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം അഞ്ചക്കത്തിൽ താഴെയുള്ള ബംഗാളിലെ മറ്റൊരു മണ്ഡലമാണ് അരാംബാഗ്. ഹൂഗ്ലി ജില്ലയിലെ മണ്ഡലത്തിൽ 6,399 വോട്ടുകൾക്കാണ് ബിജെപിയുടെ അരൂപ് കാന്തി ദിഗർ പരാജയപ്പെട്ടത്. അവിടെ തൃണമൂൽ സ്ഥാനാർത്ഥിയായ മിതാലി ബാഗ് ആണ് വിജയിച്ചത്. എന്നാൽ 2019-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയ സീറ്റ് ആയിരുന്നു ഇത്. അന്ന് ടിഎംസി വെറും 1,000 വോട്ടുകൾക്കാണ് ഇവിടെ വിജയം നേടിയത്.