അതേസമയം ഈ കാലയളവിൽ 15 ദിവസത്തെ സാധുത കാലയളവിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്യാത്ത ഇലക്ടറൽ ബോണ്ടുകളുടെ തുക പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായും എസ്ബിഐ വ്യക്തമാക്കി. 2019 ഏപ്രിൽ 12 മുതൽ ഇതുവരെ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും ഫയലുകളിൽ ഉണ്ട്. ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ തീയതി, ബോണ്ട് വാങ്ങിയയാളുടെ പേര്, വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ മൂല്യം എന്നീ വിവരങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 2019 ഏപ്രിൽ 12 മുതൽ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടികളുടെ വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള കാലയളവിൽ മൊത്തം 22,217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്.
advertisement
കൂടാതെ 2019 ഏപ്രിൽ ഒന്നിനും 11നുമിടയിൽ 3346 ബോണ്ടുകൾ വാങ്ങിയതായും എസ്ബിഐ പറഞ്ഞു. അതിൽ അതിൽ 1609 എണ്ണം രാഷ്ട്രീയ പാർട്ടികൾ പണമാക്കിയതായും ചൂണ്ടിക്കാട്ടി. 2019 ഏപ്രിൽ 12നും 2024 ഏപ്രിൽ 15നുമിടയിൽ 18,871 ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. അതിൽ 20,421 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റി. അതേസമയം ഇലക്ട്രൽ ബോണ്ടുകളുടെ വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ മാർച്ച് 11-ന് സുപ്രീം കോടതി തള്ളിയതോടെയാണ് ഒരു ദിവസത്തിനുള്ളിൽ എല്ലാ വിവരങ്ങളും എസ്ബിഐ കൈമാറിയത്. മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിനകം വിശദാംശങ്ങൾ വെളിപ്പെടുത്താനായിരുന്നു എസ്ബിഐയോട് സുപ്രീംകോടതി നിർദേശിച്ചത്.
അതോടൊപ്പം കോടതിയുടെ നിർദേശങ്ങൾ ബോധപൂർവം അവഗണിച്ചതിന് നടപടിയെടുക്കുമെന്നും എസ്ബിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മാർച്ച് 11ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ആണ് കോടതിവിധി അനുസരിച്ച് ബോണ്ടിന്റെ എല്ലാ രേഖകളും വെളിപ്പെടുത്താൻ ആവശ്യപ്പെട്ടത്. അതോടൊപ്പം മാർച്ച് 15ന് വൈകുന്നേരം 5 മണിക്കകം എസ്ബിഐ പങ്കിടുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോടടും സുപ്രീം കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് പാലിക്കാത്ത പക്ഷം എസ്ബിഐക്ക് നേരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ ആണ് രാഷ്ട്രീയ ധനസഹായത്തിനായുള്ള ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത്.