രണ്ട് ദിവസം സ്കൂളിൽ കുട്ടി വരാത്തതിനാണ് മർദനമെന്നാണ് പരാതി. 14-ാം തീയതി വൈകുന്നേരം നാലിനും അഞ്ചിനും ഇടയിലാണ് കുട്ടിയെ മർദിച്ചതെന്നും അടുത്ത ദിവസം തന്നെ പരാതി നൽകിയെന്നും ദിവ്യ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി മകൻ ഈ സ്കൂളിലാണ് പഠിക്കുന്നതെന്നും ഫീസ് കൃത്യമായി നൽകുന്നുണ്ടെന്നും ദിവ്യ പറയുന്നു.
ദിവ്യയുടെ പരാതിയിൽ പറയുന്നത്- 'പ്രിൻസിപ്പൽ രാകേഷ് കുമാർ പ്ലാസ്റ്റിക് പിവിസി പൈപ്പ് ഉപയോഗിച്ച് എന്റെ മകനെ നിഷ്കരുണം അടിച്ചു. ശക്തിയായി അടിച്ചതിന്റെ ഫലമായി ആ ഭാഗത്ത് രക്തം കട്ടപിടിച്ചു. അടി കിട്ടാതിരിക്കാൻ ഓടിമാറാൻ ശ്രമിച്ച കുട്ടിയെ ക്ലാസ് ടീച്ചർ ചന്ദ്രിക പിടിച്ചുവയ്ക്കുകയും വീണ്ടും ആക്രമിക്കുകയും ചെയ്തു. സംഭവ സമയത്ത് സ്കൂൾ ഉടമ വിജയ് കുമാറും അവിടെ ഉണ്ടായിരുന്നു. ഇയാൾ കുട്ടിയെ അടിക്കുന്നത് തുടരാൻ പ്രിൻസിപ്പലിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിൽ കുട്ടിക്ക് ശാരീരികവും മാനസികവുമായ ആഘാതം ഉണ്ടായി.
advertisement
സംഭവത്തെ ചോദ്യം ചെയ്തപ്പോൾ ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികളെ ഇങ്ങനെയാണ് ശിക്ഷിക്കുന്നതെന്നും അതിൽ ഇടപെടരുതെന്നുമാണ് അധികൃതർ പറഞ്ഞത്. സംഭവത്തിന് ശേഷം മകനെക്കുറിച്ച് മാനേജ്മെന്റ് വിളിച്ചുപോലും അന്വേഷിച്ചില്ല. എന്റെ മകൻ ലഹരിവസ്തുക്കൾ കഴിച്ചതായാണ് അവർ ആരോപിക്കുന്നത്. അങ്ങനെയെങ്കിൽ എന്റെ മകന് വേണ്ടി അവർ ഒരു മെഡിക്കൽ പരിശോധന നടത്തട്ടെ. അവരുടെ തെറ്റുകൾ മറയ്ക്കാൻ എന്റെ മകനെ തെറ്റുക്കാരനാക്കുകയാണ് '.
പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണവിധേയരായ മൂന്ന് പേർക്ക് പോലീസ് നോട്ടീസ് അയച്ചു. സംഭവം സ്കൂളിൽ നടന്നതിനാൽ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു. സ്കൂൾ സമയം കഴിഞ്ഞപ്പോൾ തന്റെ മകനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായും പരാതിയിൽ പറയുന്നു. 2000-ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 പ്രകാരം കുട്ടികളോടുള്ള ക്രൂരത, അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. കുട്ടിയുടെ മെഡിക്കൽ പരിശോധന , സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്,