തിരുപ്പറംകുണ്ഡ്രം കുന്നിലെ ദര്‍ഗയ്ക്ക് സമീപമുള്ള പുരാതന ദീപത്തൂണ്‍ സ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ കുന്നിന്‍ മുകളിലേക്ക് എത്തിയ ഹിന്ദു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായത്.
ദീപത്തൂണില്‍ ദിപം തെളിയിക്കുന്നതിന് പകരം സാധാരണ സ്ഥലത്ത് ദീപം തെളിയിക്കാനുള്ള ക്ഷേത്ര ഭരണകൂടത്തിന്റെ തീരുമാനത്തെ ഹിന്ദു പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. വിഷയത്തില്‍ ഭക്തർ അനുകൂല വിധി നേടുകയും ചെയ്തു. ഹർജിക്കാർ ആവശ്യപ്പെട്ടതുപോലെ കുന്നിന്‍ മുകളിലെ പുരാതന ദീപത്തൂണില്‍ തന്നെ ദീപം തെളിയിക്കണമെന്ന് ഹൈക്കോടതിയുടെ മധുര ബെഞ്ച് നേരത്തെ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കുന്നതില്‍ ക്ഷേത്ര ഭരണകൂടവും സര്‍ക്കാരും പരാജയപ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്.
advertisement
കുന്നിന്‍ മുകളില്‍ ദീപം തെളിയിക്കാനായി എത്തിയ ഹര്‍ജിക്കാരനെയും മറ്റ് ഹിന്ദു പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധ പ്രകടനം നടത്തി. കുന്നിന്‍ മുകളിലേക്ക് പ്രതിഷേധക്കാര്‍ എത്തുന്നത് പൊലീസ് ബലപ്രയോഗത്തിലൂടെ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചതോടെയാണ് 144 ഏര്‍പ്പെടുത്തിയത്.
വ്യക്തമായ കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ ക്രമീകരണം നടത്താത്തതിന് ഡിഎംകെ സര്‍ക്കാരിനെയും സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ ചുമതല വഹിക്കുന്ന ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോവ്‍മെന്റ് വകുപ്പിനെയും ബിജെപി വിമര്‍ശിച്ചു. സനാതന ധര്‍മ്മത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള ശത്രുതയ്ക്ക് ഇനി വ്യാഖ്യാനത്തിന്റെ ആവശ്യമില്ലെന്നും അത് ഒരു വസ്തുതയാണെന്നും തമിഴ്‌നാട് ബിജെപി നേതാവ് കെ അണ്ണാമലൈ പറഞ്ഞു.
നൂറ് കണക്കിന് പൊലീസുകാരെ വിന്യസിപ്പിച്ച് ഭക്തരെ മതപരമായ ആചാരം അനുഷ്ഠിക്കുന്നതില്‍ നിന്ന് ബലപ്രയോഗത്തിലൂടെ തടഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സനാതന ധര്‍മ്മത്തെ ഒറ്റപ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഡിഎംകെ സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നും കോടതി ഉത്തരവുകള്‍ ഈ സര്‍ക്കാരിന് ബാധകമല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഡിഎംകെ സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയമാണ് ഇവിടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹൈക്കോടതി കാര്യങ്ങള്‍ വ്യക്തമാക്കിയെങ്കിലും പൊലീസുകാര്‍ ഭക്തരെ തടഞ്ഞതായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. കാര്‍ത്തിക ദീപം തെളിയിക്കാന്‍ കുന്നിന്‍ മുകളിലേക്ക് എത്തിയ ഹിന്ദുക്കളെ പോലീസ് തടഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായി വിളക്ക് തെളിയിക്കാനുള്ള അവകാശം ഭക്തര്‍ക്ക് ലഭിച്ചെങ്കിലും അതിനു നേരെ പോലീസ് ലാത്തി വീശിയെന്നും ബിജെപി വക്താവ് പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് ഡിഎംകെയ്ക്കും ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിനുമെതിരെ സാധ്യമായ ഏറ്റവും കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് നാരായണന്‍ തിരുപ്പതി ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന പൊലീസിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
