ഗുജറാത്തിലെ ഒരു പൊതുപരിപാടിയിൽ മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയുടെ അരികിൽ തറയിൽ ഇരിക്കുന്ന യുവ നരേന്ദ്ര മോദിയുടെ ചിത്രമാണ് സിംഗ് പങ്കുവെച്ചത്. 1996 ൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ എടുത്തതാണെന്ന് കരുതപ്പെടുന്ന ഫോട്ടോയാണിത്.
ആർഎസ്‌എസിലെയും ബിജെപിയിലെയും താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് അവരുടെ സംഘടനയുടെ ശക്തികൊണ്ട് മുഖ്യമന്ത്രിമാരാകാനും പ്രധാനമന്ത്രിമാരാകാനും കഴിയുമെന്ന് ചിത്രത്തെ പരാമർശിച്ചുകൊണ്ട് സിംഗ് പറഞ്ഞു.
"ആർഎസ്എസിന്റെ കഠിനാധ്വാനികളായ സ്വയംസേവകരും ജൻസംഘ് പ്രവർത്തകരും നേതാക്കളുടെ പാദങ്ങളിൽ തറയിലിരുന്ന് എങ്ങനെയാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഉയർന്നത് എന്നത് അത്ഭുതകരമാണ്. ഇതാണ് സംഘടനയുടെ കരുത്ത്." ചിത്രം പങ്കുവച്ചുകൊണ്ട് സിംഗ് കുറിച്ചു.
advertisement
കോൺഗ്രസ് ഡൽഹിയിൽ വർക്കിംഗ് കമ്മിറ്റി യോഗം നടത്തുന്നതിനിടെയാണ് ദിഗ്‌വിജയ സിംഗിന്റെ പോസ്റ്റ് പുറത്തുവന്നത് . പാർട്ടി വളരെ കേന്ദ്രീകൃതമാണെന്നും താഴേത്തട്ടിലേക്കിറങ്ങേണ്ടതുണ്ടെന്നും യോഗത്തിൽ ദിഗ്‌വിജയ സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.
സിംഗിന്റെ പോസ്റ്റ് ബിജെപി പെട്ടെന്ന് തന്നെ ഏറ്റെടുത്തു. പാർട്ടി വക്താവ് സിആർ കേശവൻ കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ചു.കോൺഗ്രസ് എങ്ങനെയാണ് സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ രീതിയിൽ പ്രവർത്തിക്കുന്നതെന്ന് ദിഗ്‌വിജയ സിംഗിന്റെ ട്വീറ്റ് തുറന്നുകാട്ടിയതായി അദ്ദേഹം പറഞ്ഞു.
ദിഗ്‌വിജയ സിംഗിന്റെ പോസ്റ്റ് കോൺഗ്രസിനുള്ളിലെ തുറന്ന വിയോജിപ്പിനെയാണ് കാണിക്കുന്നതെന്ന് മറ്റൊരു ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.രാഹുൽ ഗാന്ധിയോടുള്ള വിയോജിപ്പാണ് ദിഗ്‌വിജയ സിംഗിന്റെ പോസ്റ്റിലുള്ളതെന്നും അദ്ദംഹം പറഞ്ഞു.
എന്നാൽ പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി ദിഗ്‌വിജയ സിംഗ് തന്നെ രംഗത്തെത്തി.താൻ സംഘടനയെ പ്രശംസിക്കുക മാത്രമാണ് ചെയ്തതെന്നു എപ്പോഴും ആർഎസ്‌എസിനെയും പ്രധാനമന്ത്രി മോദിയെയും താൻ എതിർത്തിട്ടുണ്ടെന്നും ആർഎസ്‌എസിന്റെയും മോദിയുടെയും നയങ്ങളെ എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസ് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരെയും പോസ്റ്റിൽ സിംഗ് ടാഗ് ചെയ്തിരുന്നു. പാർട്ടി ഹൈക്കമാൻഡിനുള്ള മനഃപൂർവമായ സൂചനയായിട്ടാണ് ഈ നീക്കത്തെ കാണുന്നത്.
