ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാകേഷ് അഗർവാളിനെ നിയമിച്ചു.1994 ഐപിഎസ് ബാച്ച് ഹിമാചൽ പ്രദേശ് കേഡർ ഉദ്യോഗസ്ഥനായ അഗർവാൾ നിലവിൽ എൻഐഎയിൽ സ്പെഷ്യൽ ഡയറക്ടർ ജനറലാണ്. എൻഐഎ ഡിജിയുടെ അധിക ചുമതലയും അദ്ദേഹം വഹിച്ചുവരുന്നു. പേഴ്സണൽ മന്ത്രാലയത്തിന്റെ നിയമന സമിതി അദ്ദേഹത്തെ എൻഐഎ ഡയറക്ടർ ജനറൽ ആയി നിയമിക്കാൻ അംഗീകാരം നൽകി.2028 ഓഗസ്റ്റ് 31നാണ് രാകേഷ് അഗർവാൾ വിരമിക്കുന്നത്.
advertisement
മഹാരാഷ്ട്രയിലേക്ക് മടക്കി അയച്ച സദാനന്ദ് ദാത്തെക്ക് പകരമായി അഗർവാൾ പുതിയ ഡിജി ആയി ചുമതലയേൽക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലുള്ള അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) പദവി രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി ഉയർത്തിക്കൊണ്ടാണ് 2025 സെപ്റ്റംബർ 29 ന് എൻഐഎയുടെ പ്രത്യേക ഡിജിയായി അഗർവാളിനെ നിയമിച്ചത്.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ആഭ്യന്തര സുരക്ഷാ മേഖലയിലും പരിചയസമ്പന്നനായ വ്യക്തിയായാണ് അഗർവാളെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സങ്കീർണ്ണമായ അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന് വിപുലമയ പരിചയ സമ്പത്തുണ്ട്. തീവ്രവാദ ധനസഹായം, തീവ്രവാദ ശൃംഖലകൾ, അതിർത്തി കടന്നുള്ള ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ അദ്ദേഹം അന്വേഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
