'കിരൺ വേഴ്സസ് സ്റ്റേറ്റ് ഓഫ് കർണാടക' എന്ന കേസിലാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. 2014-ൽ കർണാടകയിൽ അഞ്ച് കുട്ടികളുടെ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിചാരണക്കോടതി സ്വാഭാവിക മരണം വരെ തടവിന് ശിക്ഷിച്ചിരുന്നു. ഈ വിധി ശരിവച്ച കർണാടക ഹൈക്കോടതിയുടെ നടപടി തിരുത്തിക്കൊണ്ടാണ് സുപ്രീംകോടതി ഇപ്പോൾ പുതിയ നിയമവ്യാഖ്യാനം നൽകിയിരിക്കുന്നത്.
ജീവപര്യന്തം എന്നാൽ തത്വത്തിൽ ജീവിതാവസാനം വരെ എന്നാണെങ്കിലും ഭരണഘടനയുടെ അനുച്ഛേദം 72, 161 എന്നിവ പ്രകാരം ശിക്ഷയിൽ ഇളവ് ലഭിക്കാൻ ഏതൊരു പ്രതിക്കും അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ പ്രതിക്ക് 25 മുതൽ 30 വർഷം വരെയോ അല്ലെങ്കിൽ മരണം വരെയോ ഇളവില്ലാത്ത തടവ് വിധിക്കാൻ ഭരണഘടനാ കോടതികൾക്ക് (SC, HC) കഴിയുമെങ്കിലും, വിചാരണക്കോടതികൾക്ക് 14 വർഷത്തിന് മുകളിൽ ഇളവില്ലാത്ത ശിക്ഷ വിധിക്കാൻ നിയമപരമായി അധികാരമില്ല. ഇതിന്റെ അടിസ്ഥാനത്തിൽ, പരിഗണനയിലുള്ള കേസിലെ പ്രതിയുടെ ശിക്ഷ 14 വർഷത്തെ ജീവപര്യന്തമായി സുപ്രീംകോടതി കുറയ്ക്കുകയും നിശ്ചിത കാലയളവിന് ശേഷം നിയമപരമായ ഇളവുകൾക്കായി അപേക്ഷിക്കാൻ അനുമതി നൽകുകയും ചെയ്തു. രാജ്യത്തെ ക്രിമിനൽ നിയമനടപടികളിൽ വിചാരണക്കോടതികളുടെ ശിക്ഷാവിധിയിലെ പരിധി നിശ്ചയിക്കുന്നതിൽ ഈ വിധി അതീവ പ്രാധാന്യമർഹിക്കുന്നു.
advertisement
