എന്നാൽ നിലവിലെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഇത്തവണ വോട്ടർ പട്ടികയിൽ പുരുഷന്മാരേക്കാൾ 10 ലക്ഷത്തോളം അധികം സ്ത്രീകൾ ചേർന്നിരിക്കുന്നു എന്നതാണ്. കൂടാതെ, അഞ്ച് സംസ്ഥാനങ്ങളിലും, 2018നെ അപേക്ഷിച്ച്, ഇലക്ടറൽ റോൾ ലിംഗാനുപാതം മെച്ചപ്പെട്ടതായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മിസോറാമിലും ഛത്തീസ്ഗഡിലും മാത്രമാണ് പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരുള്ളത്. തെലങ്കാനയിൽ സ്ത്രീ പുരുഷ വോട്ടർമാർ ഏകദേശം തുല്യമാണ്. ബാക്കിയുള്ള രണ്ട് സംസ്ഥാനങ്ങളിൽ പുരുഷ വോട്ടർമാരാണ് കൂടുതലുള്ളത്. എന്നിരുന്നാലും, സ്ത്രീകളുടെ എണ്ണം മെച്ചപ്പെട്ടിട്ടുണ്ട്. സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ഇതാ.
advertisement
തെലങ്കാന
തെലങ്കാനയിൽ, നിലവിലെ തിരഞ്ഞെടുപ്പ് ലിംഗാനുപാതം 998 ആണ്, 2018 ൽ ഇത് 982 ആയിരുന്നു. സംസ്ഥാനത്തെ 3.17 കോടി വോട്ടർമാരിൽ 1.58 കോടി പുരുഷന്മാരും തുല്യ എണ്ണം സ്ത്രീകളുമാണുള്ളത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 18,660-ലധികം പോളിംഗ് സ്‌റ്റേഷനുകളിൽ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളായിരുന്നു കൂടുതൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 2.8 കോടി വോട്ടർമാരിൽ 1.4 കോടി സ്ത്രീകളായിരുന്നു. ഏതാണ്ട് പകുതിയോളം. 2018 മുതൽ, പട്ടികയിൽ ചേർത്ത 37 ലക്ഷം പുതിയ വോട്ടർമാരിൽ 18 ലക്ഷം സ്ത്രീകളും 17 ലക്ഷം പുരുഷന്മാരുമാണുള്ളത്.
രാജസ്ഥാൻ
സംസ്ഥാനത്ത് സ്ത്രീകളേക്കാൾ കൂടുതൽ പുരുഷ വോട്ടർമാരാണുള്ളത്. 5.25 കോടി വോട്ടർമാരിൽ 2.73 കോടി പുരുഷന്മാരും 2.51 കോടി സ്ത്രീകളുമാണുള്ളത്. എന്നാൽ ഇത്തവണ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വോട്ടർ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. 47 ലക്ഷം പേരെ പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ 24 ലക്ഷം പേർ സ്ത്രീകളും 23 ലക്ഷം പേർ പുരുഷന്മാരുമാണ്. 2018ൽ 914 ആയിരുന്ന തിരഞ്ഞെടുപ്പ് ലിംഗാനുപാതം ഇത്തവണ 920 ആയി ഉയർന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, കുറഞ്ഞത് 95 അസംബ്ലികളിലും 24,660 പോളിംഗ് സ്റ്റേഷനുകളിലും സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലായിരുന്നു. ഏകദേശം 10,260 പോളിംഗ് സ്റ്റേഷനുകളിൽ സ്ത്രീകളേക്കാൾ പുരുഷ വോട്ടർമാരുടെ എണ്ണം അഞ്ച് ശതമാനത്തിൽ താഴെയും ആയിരുന്നു. മൊത്തത്തിൽ, 2018 ൽ സംസ്ഥാനത്ത് 74.21 ശതമാനം പോളിംഗ് രേഖപ്പെടുത്തി ഇതിൽ സ്ത്രീകളിൽ 74.66 ശതമാനവും പുരുഷന്മാർ 73.80 ശതമാനവും വോട്ട് രേഖപ്പെടുത്തിയിരുന്നു.
മധ്യപ്രദേശ്
മധ്യപ്രദേശിൽ 2018 മുതൽ 55 ലക്ഷം പുതിയ വോട്ടർമാരാണ് വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ളത്. ഇതിൽ 31 ലക്ഷം സ്ത്രീകളാണ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ലിംഗാനുപാതം 2018-ൽ 917ൽ നിന്ന് 936 ആയി ഉയർന്നു. കൂടാതെ, കുറഞ്ഞത് 108 അസംബ്ലികളിലെങ്കിലും, ലിംഗാനുപാതം 936ൽ കൂടുതലാണ്. 2018ലെ തെരഞ്ഞെടുപ്പിൽ 178 നിയമസഭകളിലെങ്കിലും സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ സ്ത്രീകളുടെ പോളിങ് ശതമാനം 74.03 ശതമാനവും സംസ്ഥാനത്തെ മൊത്തം പോളിങ് ശതമാനം 75.05 ശതമാനവും ആയിരുന്നു. പുരുഷന്മാരുടെ പോളിങ് ശതമാനം 75.98 ശതമാനവുമാണ്. 2.72 കോടി സ്ത്രീകളും 2.88 കോടി പുരുഷന്മാരും ഉൾപ്പെടെ 5.6 കോടി വോട്ടർമാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിൽ ആകെ 98.5 ലക്ഷം സ്ത്രീ വോട്ടർമാരുണ്ട്. പുരുഷ വോട്ടർമാരേക്കാൾ 98.2 ലക്ഷം കൂടുതലാണിത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 17 ലക്ഷം അധിക വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പകുതിയിലേറെയും സ്ത്രീകളാണ്. 2018ൽ സംസ്ഥാനത്തെ മൊത്തത്തിലുള്ള വോട്ടിംഗ് ശതമാനം 76.88 ശതമാനമായിരുന്നു, പുരുഷ വോട്ടർമാരുടെ എണ്ണം 75.67 ശതമാനവും സ്ത്രീകളുടെ പോളിംഗ് 78.11 ശതമാനവുമായിരുന്നു. തിരഞ്ഞെടുപ്പ് ലിംഗാനുപാതം 2018ൽ 995 ആയിരുന്നു. 2023ൽ ഇത് 1,012 ആയി ഉയർന്നു.
മിസോറം
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വലിയ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വോട്ടർമാരുടെ എണ്ണം കുറവുള്ള സംസ്ഥാനമാണ് മിസോറാം. 2018-ൽ സംസ്ഥാനത്ത് 81.61 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിൽ സ്ത്രീകൾ 81.09 ശതമാനവും പുരുഷന്മാർ 78.92 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മിസോറാമിലെ പുതിയ 8.52 ലക്ഷം വോട്ടർമാരിൽ 4.39 ലക്ഷം സ്ത്രീകളാണ്. കൂടാതെ, സംസ്ഥാനത്ത് പുതുതായി ചേർത്ത 80,000 വോട്ടർമാരിൽ 50,000ത്തോളം സ്ത്രീകളാണ്.
വനിതാ വോട്ടർമാരുടെ പ്രാധാന്യം
സ്ത്രീ സുരക്ഷ, മെച്ചപ്പെട്ട വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നവർക്കായിരിക്കും സ്ത്രീ വോട്ടർമാരുടെ വോട്ട്. സ്ത്രീകൾ നിശബ്ദ വോട്ടർമാരല്ലെന്ന് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയേണ്ട സമയമാണിത്. കാരണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഗതി മാറ്റി മറിക്കാൻ ഇവർക്ക് കഴിഞ്ഞേക്കും.