രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് രാഷ്ട്രപതി ഒരുക്കുന്ന വിരുന്നിലേക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ക്ഷണമില്ല. രണ്ടു പേരെയും വിരുന്നിന് ക്ഷണിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജയറാം രമേശ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
advertisement
അതേസമയം,കോൺഗ്രസ് എംപിയായ ശശി തരൂരിന് അത്താഴവിരുന്നിനുള്ള ക്ഷണം ലഭിച്ചു. ക്ഷണം ലഭിച്ചതായി തരൂർ സ്ഥിരീകരിച്ചു. താൻ തീർച്ചയായും വിരുന്നിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്നും എന്നാൽ തന്നെ, ക്ഷണിച്ചതിൽ ബഹുമതി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ മുൻ അണ്ടർ സെക്രട്ടറി ജനറലായിരുന്ന തരൂരിനുള്ള വിപുലമായ നയതന്ത്ര പരിചയവും റഷ്യൻ നയതന്ത്രവുമായുള്ള ദീർഘകാല ബന്ധവും കണക്കിലെടുത്താണ് ക്ഷണം ലഭിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് പ്രസിഡന്റ് ദ്രൗപതി മുർമു അത്താഴവിരുന്ന് നൽകിയത്.
അതേസമയം, തരൂരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. ക്ഷണം അയച്ചതും സ്വീകരിച്ചതും അതിശയിപ്പിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടും ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് തീവ്രവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയവും ഉയർത്തിക്കാട്ടുന്നതിനായി ലോകരാജ്യങ്ങൾ സന്ദർശച്ച ഒരു ബഹുകക്ഷി പ്രതിനിധി സംഘത്തെ തരൂർ അടുത്തിടെ നയിച്ചിരുന്നു.ഇന്ത്യയുടെ നിലപാട് ആഗോളതലത്തിൽ അവതരിപ്പിച്ച ഏറ്റവും വ്യക്തമായ ശബ്ദങ്ങളിൽ ഒന്ന് തരൂരിന്റേതായിരുന്നു. പല അവസരങ്ങളിലും പ്രധാനമന്ത്രി മോദിയെ പരസ്യമായി പിന്തുണച്ച് തരൂർ രംഗത്തെത്തിയിട്ടുമുണ്ട്.
