അടുത്ത നാല് വർഷത്തിനുള്ളിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ 10,023 പുതിയ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകൾ കൂട്ടിച്ചേർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സുപ്രധാനവും സ്വാഗതാർഹവുമായ ഒരു ചുവടുവെപ്പാണെന്ന് ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു. വളരെക്കാലമായി, താങ്ങാനാവുന്ന ചെലവില്‍ പഠിക്കാവുന്ന സീറ്റുകളുടെ വലിയ കുറവ്, മധ്യവർഗ്ഗ കുടുംബങ്ങളിലെ ഡോക്ടറാകാൻ ആഗ്രഹിക്കുന്ന ഒട്ടേറെ വിദ്യാർത്ഥികളെ വിദേശത്തേക്ക്, പലപ്പോഴും നിലവാരം കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പഠിക്കാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
രാജ്യത്തിനകത്ത് തന്നെ താങ്ങാനാവുന്ന ഗുണമേന്മയുള്ള മെഡിക്കൽ വിദ്യാഭ്യാസം നൽകാനും, പ്രതിഭകളുടെയും വിഭവങ്ങളുടെയും ചോർച്ച തടയാനും ഈ നീക്കം നിർണായകമാണ്. സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസം താങ്ങാൻ കഴിയാത്തവരുടെ വർധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഈ വിപുലീകരണം തുടരണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. താങ്ങാനാവുന്ന സീറ്റുകളുടെ അഭാവം മൂലം യുവ ഇന്ത്യക്കാരുടെ ഡോക്ടറാകാനുള്ള സ്വപ്നങ്ങൾ തകരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്- ശശി തരൂർ വ്യക്തമാക്കി. കേന്ദ്രമന്ത്രി ജെ പി നഡ്ഡയെ ടാഗ് ചെയ്താണ് ശശി തരൂരിന്റെ കുറിപ്പ്.
കപ്പൽ നിർമാണ മേഖലയിലേക്ക് 70,000 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രഖ്യാപനത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഇന്ത്യയെ ഒരു ആഗോള സമുദ്രശക്തിയാക്കി മാറ്റുന്നതിനുള്ള ഒരു സുപ്രധാന കാൽവെപ്പാണിതെന്നും മറ്റൊരു ഫേസ്ബുക്കിൽ ശശി തരൂർ വ്യക്തമാക്കി.
കേരള തീരദേശത്ത്, പ്രത്യേകിച്ച് പുതിയ വിഴിഞ്ഞം തുറമുഖത്തിന് സമീപം, പുതിയ കപ്പൽ നിർമ്മാണ ശാലകൾക്ക് അനുയോജ്യമായ സ്ഥലങ്ങളുണ്ട്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി, സംസ്ഥാനത്ത് തൊഴിലിനും വളർച്ചയ്ക്കും ഒരു പ്രധാന കേന്ദ്രം സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ശശി തരൂർ കുറിച്ചു.
Summary: Congress leader and MP Shashi Tharoor has praised the Central Government's decision to add 10,023 new medical seats in government medical colleges across the country over the next four years, as well as the announcement to invest ₹70,000 crore in the shipbuilding sector.