കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ നിരവധി ജില്ലകളിൽ വ്യാപകമായി കൃഷി നശിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന വീഡിയോ ആണ് വൈറലായത്.
വീഡിയോയില്‍ കര്‍ഷകനായ ഗൗരവ് പന്‍വാറിനെയാണ് കാണാന്‍ കഴിയുന്നത്. തന്റെ വിളവെടുത്ത നിലക്കടല വില്‍ക്കാനായി വാഷിമിലെ ഒരു ചന്തയില്‍ എത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍, ഇതിനിടെയാണ് കനത്ത മഴയെത്തിയത്. മഴയില്‍ തന്റെ വിള മുഴുവന്‍ ഒഴുകിപ്പോകുമെന്ന് ഭയത്ത് അത് തന്റെ കൈകള്‍ കൊണ്ട് തടഞ്ഞുനിര്‍ത്തുന്ന ഗൗരവിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. എന്നാൽ കനത്ത മഴയിലും വെള്ളപ്പാച്ചിലിലും അദ്ദേഹത്തിന് തന്റെ വിള സംരക്ഷിക്കാൻ കഴിഞ്ഞില്ല.
advertisement
ഹൃദയഭേദകമായ ഈ ദൃശ്യം കേന്ദ്ര കൃഷിമന്ത്രിയെയും വേദനിപ്പിച്ചു. അദ്ദേഹം ഗൗരവിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹത്തിനുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഈ സംഭാഷണത്തിന്റെ ഒരു വീഡിയോ കേന്ദ്രമന്ത്രി സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. തനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് കര്‍ഷകന്‍ മന്ത്രിയോട് വിവരിച്ചു.
''ഈ വീഡിയോ എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്നാല്‍ വിഷമിക്കേണ്ട. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ കര്‍ഷകരുടെ വിഷയത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കുന്നുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും സംസ്ഥാന കൃഷിമന്ത്രിയുമായും ഞാന്‍ സംസാരിച്ചു. അവിടുത്തെ കളക്ടറുമായും ഞാന്‍ സംസാരിച്ചു. എന്ത് നഷ്ടം സംഭവിച്ചാലും നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഒരു പ്രശ്‌നവുമുണ്ടാകാതിരിക്കാന്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കും,'' ചൗഹാന്‍ വീഡിയോയില്‍ പറഞ്ഞു.
''തിങ്കളാഴ്ച തന്നെ പ്രശ്‌നത്തിന് പരിഹാരം കാണും. ഞങ്ങള്‍ എല്ലാവരും നിങ്ങളോടൊപ്പമുണ്ട്,'' അദ്ദേഹം കര്‍ഷകന്‍ ഗൗരവിന് ഉറപ്പുനല്‍കി. മഴ നനഞ്ഞതുകൊണ്ട് തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഗൗരവ് മന്ത്രിയെ അറിയിച്ചു.
നേരത്തെ മഹാരാഷ്ട്രയിലെ എന്‍സിപി പ്രസിഡന്റ് ജയന്ത് പാട്ടീലും ഈ ദുരിതപൂര്‍ണമായ വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ദുരിതബാധിതരായ കര്‍ഷകര്‍ക്ക് അടിയന്തര സഹായവും പിന്തുണയും നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.
''സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും ആലിപ്പഴം പെയ്തിരുന്നു. ഇത് വിളകള്‍ നശിക്കാന്‍ കാരണമായി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ദുരതബാധിതരായ കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു,''അദ്ദേഹം പറഞ്ഞു.