കർണാടകയിലെ വിഷയത്തിൽ പിണറായി വിജയൻ്റെ താത്പര്യമെന്താണെന്ന് ചോദിക്കേണ്ടതുണ്ടെന്നും സിദ്ധരാമയ്യ ആഞ്ഞടിച്ചു. ആളുകളെ ഒഴിപ്പിച്ചത് സർക്കാർ ഭൂമി കയ്യേറിയതുകൊണ്ടാണ്. അക്കൂട്ടത്തിൽ അർഹരാവർ പെട്ടുപോയിട്ടുണ്ടെങ്കിൽ അവർക്ക് വീട് നൽകാൻ നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. സർക്കാർ ഭൂമിയിൽ കയ്യേറ്റം ഒരിക്കലും അനുവദിക്കില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
സംഭവത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയം കളിക്കുന്നുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പിൽ തോറ്റുകൊണ്ടിരിക്കുന്ന സർക്കാർ ന്യൂനപക്ഷങ്ങളുടെ സഹാനുഭൂതി പിടിച്ചുപറ്റാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. എന്നാൽ കർണാടകയിൽ ജനങ്ങൾ നടപടിയെ സ്വാഗതം ചെയ്യുകയാണെന്നും അനധികൃത കുടിയേറ്റങ്ങൾ അനുവദിക്കില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു.
advertisement
ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിൽ നടന്ന കുടിയൊഴിപ്പിക്കൽ പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഡികെ ശിവകുമാർ. പൊതുജനാരോഗ്യം സംരക്ഷിക്കാനും സർക്കാർ സ്വത്ത് സംരക്ഷിക്കാനുമാണ് ഈ നടപടിയെന്നും, ഇത് ഒരു പ്രത്യേക സമുദായത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
"കേരള മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെടാൻ പോവുകയാണ്. ഇതൊരു പ്രാദേശിക പ്രശ്നമാണ്. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കേണ്ടതുണ്ട്. നിയമവിരുദ്ധമായി സർക്കാർ ഭൂമി കൈയേറുന്നത് ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല. ബെംഗളൂരുവിൽ പുതിയ ചേരികൾ വരുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സർക്കാർ ഭൂമി സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്, അത് തന്നെയാണ് ഞങ്ങൾ ചെയ്യുന്നത്," ഡി കെ ശിവകുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ഖരമാലിന്യ സംസ്കരണത്തിനായി നീക്കിവച്ചിരുന്ന ഈ ഭൂമി ജനവാസത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഒൻപതോ പത്തോ വർഷം മുൻപ് ഇവിടെ ഒരു ക്വാറി ഉണ്ടായിരുന്നുവെന്നും പിന്നീട് അത് മാലിന്യ സംസ്കരണത്തിനായി അനുവദിച്ചതാണെന്നും പറഞ്ഞു. ചിലർ രാത്രിക്ക് രാത്രി ഷെഡുകൾ നിർമ്മിക്കുകയും മാലിന്യക്കൂമ്പാരത്തിന് മുകളിൽ വീടുകൾ പണിയുകയുമായിരുന്നു," അദ്ദേഹം പറഞ്ഞു.
പണം വാങ്ങി ആളുകളെ നിയമവിരുദ്ധ നിർമ്മാണത്തിന് പ്രേരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ശിവകുമാർ ഉറപ്പുനൽകി. ബെംഗളൂരുവിന്റെ ശുചിത്വം നിലനിർത്തേണ്ടതുണ്ടെന്നും ഭൂമാഫിയകളെ സർക്കാർ ഭൂമി കൈയേറാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അർഹരായ ഒഴിപ്പിക്കപ്പെട്ടവർക്കും പ്രദേശവാസികൾക്കും പുനരധിവാസം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടിയൊഴിപ്പിക്കൽ നടപടി രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ നടപടിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും കൂടുതൽ ജാഗ്രതയും മാനുഷിക പരിഗണനയും വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഡി കെ ശിവകുമാറിനോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നോട്ടീസ് നൽകിയിട്ടും ഭൂമി ഒഴിഞ്ഞുപോകാത്തതിനാലാണ് നടപടിയെടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവർത്തിച്ചു. ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് (ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികൾ) താൽക്കാലിക അഭയം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
