മൂന്ന് പേര്‍ക്കും ഭാരത് രത്‌ന നല്‍കുന്നുവെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമമായ എക്‌സിലൂടെ വെള്ളിയാഴ്ചയാണ് നടത്തിയത്. നരസിംഹ റാവു ഇന്ത്യയെ പരിവര്‍ത്തനങ്ങളിലൂടെ നയിക്കുകയും രാജ്യത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ പൈതൃകത്തെ സമ്പന്നമാക്കുകയും ചെയ്തതായി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യ സാമ്പത്തികമായി മുന്നേറുന്നതിനും രാജ്യത്തിന്റെ സമൃദ്ധിക്കും വളര്‍ച്ചയ്ക്കും ശക്തമായ അടിത്തറപാകുന്നതിനും റാവുവിന്റെ നേതൃത്വം നിര്‍ണായകമായിരുന്നു,'' പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന് നല്‍കിയ അനുപമമായ സംഭാവനകള്‍ക്കാണ് ചരണ്‍ സിങ്ങിന് ഭാരത രത്‌ന സമ്മാനിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''കര്‍ഷകരുടെ ക്ഷേമത്തിനും കാര്‍ഷിക മേഖലയ്ക്കുമായി സ്വാമിനാഥന്‍ രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കി. കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. അതുപോലെ കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്നതിനായി അദ്ദേഹം വലിയ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു,'' മറ്റൊരു പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
advertisement
Also read-നരസിംഹ റാവുവിനും ചരൺ സിങ്ങിനും എം.എസ്. സ്വാമിനാഥനും ഭാരതരത്‌ന
കര്‍ഷകര്‍ക്ക് മുൻഗണന
കര്‍ഷകനേതാവും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിങ്ങിനും കാര്‍ഷിക ശാസ്ത്രജ്ഞനായ എംഎസ് സ്വാമിനാഥനും ഭാരത രത്‌ന നല്‍കിയതിലൂടെ കാര്‍ഷിക മേഖലയോടും കര്‍ഷകരോടുമുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഉത്തര്‍പ്രദേശിലെ മീറത്തില്‍ ഒരു കര്‍ഷക കുടുംബത്തില്‍ 1902 ഡിസംബര്‍ 23-നാണ് ചരണ്‍ സിങ്ങിന്റെ ജനനം. മഹാത്മാഗാന്ധിയുടെ അഹിംസ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായി സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തു. സ്വാതന്ത്ര്യത്തിന് ശേഷം ഗ്രാമീണ മേഖലയില്‍ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഉത്തര്‍പ്രദേശിലെ ഭൂപരിഷ്‌കരണങ്ങളില്‍ പ്രധാന ശില്‍പ്പിയാണ് അദ്ദേഹം. 1939-ലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിഡംപ്ഷന്‍ ബില്ലിന്റെ രൂപീകരണത്തിലും അന്തിമരൂപീകരണത്തിലും പ്രധാന പങ്കുവഹിച്ചു. ഇത് ഗ്രാമീണ മേഖലയില്‍ കടബാധ്യത അനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കി. ചൗധരി ചരണ്‍ സിങ്ങിന്റെ ജന്മദിനമായ ഡിസംബര്‍ 23 ദേശീയ കര്‍ഷകദിനമായി ആചരിക്കാന്‍ 2001-ല്‍ അടല്‍ ബിഹാരി ബാജ്‌പേയി സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഷകരുടെ ഉന്നമനത്തിനും കാര്‍ഷിക മേഖലയുടെ വികസനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിനായി ജീവിതം സമര്‍പ്പിച്ച നേതാവാണ് ചരണ്‍ സിങ്ങ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.
രാജ്യത്തിന്റെ ഹരിതവിപ്ലവത്തിന്റെ ചാലകശക്തിയായിരുന്നു എംഎസ് സ്വാമിനാഥന്‍. തമിഴ്‌നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് ഏഴിനായിരുന്നു സ്വാമിനാഥന്റെ ജനനം. പുരാതനമായ കൃഷി രീതികളെ ആശ്രയിച്ചായിരുന്നു രാജ്യത്തെ കര്‍ഷകരുടെ കൃഷി. കാര്‍ഷിക മേഖലയുടെ ഗതിമാറ്റുന്നതില്‍ സ്വാമിനാഥന്‍ നിര്‍ണായക പങ്കുവഹിച്ചു. സസ്യ ജനിതക ശാസ്ത്രജ്ഞനായാണ് സ്വാമിനാഥന്റെ ഗവേഷണം ആരംഭിച്ചത്. ഉത്പാദനക്ഷമത കൂട്ടി ചെറുകിട കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ അത് സഹായിച്ചു. 1960-കളില്‍ അമേരിക്കന്‍ ഗോതമ്പിനെ ആശ്രയിച്ചിരുന്ന രാജ്യം വൈകാതെ ഗോതമ്പ് മിച്ചമുള്ള രാഷ്ട്രമായി മാറി.
രാഷ്ട്രതന്ത്രം
ഭാരത് രത്‌ന പുരസ്‌കാരം ലഭിച്ച നരസിംഹ റാവു, ചൗധരി ചരണ്‍ സിങ് എന്നിവര്‍ ബിജെപി അനുകൂല രാഷ്ട്രീയ നേതാക്കള്‍ അല്ല. ഭാരത രത്‌ന നല്‍കുന്നതില്‍ മോദി സര്‍ക്കാരിന്റെ പക്ഷപാതരഹിതമായ സമീപനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ദേശീയ പുരോഗതിക്ക് അദ്ദേഹം നല്‍കിയ സമ്പന്നമായ സംഭാവനകള്‍ക്ക് ഇന്ത്യ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് 2022-ല്‍ റാവുവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. 1991-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത കോണ്‍ഗ്രസ് നേതാവായ റാവു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉദാരവത്കരിക്കുന്നതിനും പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനും നേതൃത്വം നല്‍കി.
ദക്ഷിണേന്ത്യയ്ക്ക് നൽകിയ പ്രാധാന്യം
പുരസ്‌കാരം ലഭിച്ച നരസിംഹറാവുവും എംസ് സ്വാമിനാഥനും ദക്ഷിണേന്ത്യയില്‍ നിന്നുള്ള വ്യക്തിത്വങ്ങളാണ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ശാസ്ത്രജ്ഞരെയും നേതാക്കന്മാരെയും വിവിധ സന്ദര്‍ഭങ്ങളില്‍ പ്രധാനമന്ത്രി പ്രശംസിച്ചിട്ടുണ്ട്.