2024 ഒക്ടോബറിലാണ് ബാങ്കില്‍ കവര്‍ച്ച നടന്നത്. ബാങ്കില്‍ പണയമായി സ്വീകരിച്ചിരുന്ന ഏകദേശം 17.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. തുടര്‍ന്ന് സംഭവത്തില്‍ ദാവണഗരെ ജില്ലാ പോലീസ് നടത്തിയ അന്വേഷണം അഞ്ച് മാസം നീണ്ടു. ഒടുവിലാണ് കേസിലുള്‍പ്പെട്ട ആറ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയും സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തത്.
മോഷണം
2024 ഒക്ടോബര്‍ 28ന് ന്യാമതിയിലെ എസ്ബിഐ ബാങ്കിലെത്തിയ ജീവനക്കാരാണ് ബാങ്കില്‍ മോഷണം നടന്ന കാര്യം സ്ഥിരീകരിച്ചത്. ബാങ്കിലെ സ്‌ട്രോംഗ് റൂമിന്റെ ലോക്കറുകളിലൊന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊട്ടിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരിക്കുന്നതായി ശാഖയിലെ ജീവനക്കാര്‍ പറഞ്ഞു. ബാങ്കിനകത്തേക്ക് പ്രവേശിക്കുന്നതിനായി മോഷ്ടാക്കള്‍ ജനാലയിലെ ഇരുമ്പ് ഗ്രില്‍ നീക്കം ചെയ്തിരുന്നു. തുടര്‍ന്നാണ് ബാങ്കില്‍ പണയമുതലായി സ്വീകരിച്ച് ലോക്കറില്‍ വെച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ മോഷ്ടിച്ചത്.
advertisement
അന്വേഷണം വഴിമുട്ടിക്കാനായി ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ പ്രതികള്‍ കൊണ്ടുപോയി. ഫോറന്‍സിക് വിദഗ്ധരെ തെറ്റിദ്ധരിപ്പിക്കാനായി ലോക്കറിനടുത്ത് മുളകുപൊടി വിതറുകയും ചെയ്തു.
അന്വേഷണം
സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഐജിപി, എസ്പി, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പോലീസ് സൂപ്രണ്ട് ഉമ പ്രശാന്ത് ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ എഎസ്പി ചന്നഗിരി സബ് ഡിവിഷന്‍ സാം വര്‍ഗീസ് ഐപിഎസ് അന്വേഷണത്തിന് നേതൃത്വം നല്‍കി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മുമ്പ് നടന്ന കവര്‍ച്ചാശ്രമങ്ങളെപ്പറ്റിയും പോലീസ് വിശദമായി പരിശോധിച്ചു. ദക്ഷിണേന്ത്യയിലുടനീളം സമാനമായ കവര്‍ച്ചകള്‍ നടത്തിയ ഉത്തര്‍പ്രദേശിലെ ബദായൂണില്‍ നിന്നുള്ള കുപ്രസിദ്ധ കക്രാല സംഘത്തിലേക്കാണ് ചില തെളിവുകള്‍ വിരല്‍ ചൂണ്ടിയത്.
2024 നവംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പോലീസ് അന്വേഷണം ശക്തമാക്കി. പിന്നീട് കക്രാല സംഘത്തിലുള്‍പ്പെട്ട അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഡു കാലിയ, അസ്ലം, ഹസ്രത് അലി, കമ്രുദ്ദിന്‍ എന്ന സരേലി ബാബു, ബാബു സഹാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ നിരവധി കവര്‍ച്ചാ കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ന്യാമതിയിലെ എസ്ബിഐ ശാഖയില്‍ നടത്തിയ മോഷണവുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് സ്വദേശികളായ പ്രതികളെ പോലീസ് കണ്ടെത്തിയത്. കവര്‍ച്ചയുടെ മുഖ്യസൂത്രധാരകരായ വിജയ് കുമാര്‍, അജയ് കുമാര്‍, അഭീഷിക, ചന്ദ്രു, മഞ്ജുനാഥ്, പരമാനന്ദ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വിജയ് കുമാര്‍- അജയ് കുമാര്‍ എന്നീ സഹോദരങ്ങളും അവരുടെ സഹോദരി ഭര്‍ത്താവുമായ പരമാനന്ദവും തമിഴ്‌നാട് സ്വദേശികളാണ്. ന്യാമതിയില്‍ മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന ബിസിനസാണ് ഇവര്‍ക്ക്. ബാക്കിയുള്ള മൂന്ന് പ്രതികളും കര്‍ണാടകയില്‍ നിന്നുള്ളവരാണ്. വിജയ് കുമാറാണ് കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം. ആറ് മാസമെടുത്താണ് ഇയാള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. യൂട്യൂബില്‍ നിന്നും മണി ഹെയ്സ്റ്റ് എന്ന വെബ്‌സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ മോഷണം ആസൂത്രണം ചെയ്തത്.
മോഷണം നടത്തിയ രീതി
സാമ്പത്തിക ബുദ്ധിമുട്ടുകളാണ് വിജയ് കുമാറിനെ കൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്നാണ് റിപ്പോര്‍ട്ട്. പതിനഞ്ച് ലക്ഷം രൂപ വായ്പ ലഭിക്കാനായി ഇയാള്‍ ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇയാളുടെ അപേക്ഷ ബാങ്ക് തള്ളിയതോടെയാണ് മോഷണം നടത്താന്‍ തീരുമാനിച്ചത്.
തുടര്‍ന്ന് ബാങ്കിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് പഠിക്കാന്‍ വിജയ് കുമാര്‍ സ്ഥിരമായി ബാങ്കിലെത്താന്‍ തുടങ്ങി. ശബ്ദം പുറത്ത് കേള്‍ക്കാത്ത ഹൈഡ്രോളിക് കട്ടറും ഗ്യാസ് കട്ടറും ഇയാള്‍ കൈക്കലാക്കി. മോഷണം നടത്തിയ ശേഷം ഫോറന്‍സിക് വിദഗ്ധരെ കബളിപ്പിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമായി ബാങ്കിനുള്ളില്‍ ഇയാള്‍ മുളകുപൊടി വിതറുകയും ചെയ്തു.
അന്വേഷണം ഒടുവില്‍ പോലീസിനെ തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ ഉസലംപെട്ടി നഗരത്തിലേക്ക് നയിച്ചു. പ്രദേശത്തെ 30 അടി താഴ്ചയുള്ള ഒരു കിണറ്റില്‍ നിന്നും 15 കിലോയോളം സ്വര്‍ണം അടങ്ങിയ ഒരു ലോക്കര്‍ നീന്തല്‍ വിദഗ്ധരുടെ സഹായത്തോടെ പോലീസ് കണ്ടെടുത്തു. ബാക്കിയുള്ള സ്വര്‍ണം പ്രതികള്‍ പണയം വെയ്ക്കുകയും വില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ജ്വല്ലറികളും ധനകാര്യ സ്ഥാപനങ്ങളും പോലീസ് പരിശോധിക്കുകയും സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തു.