ഡിസംബർ ഏഴിനായിരുന്നു സംഭവം. മകളുടെ ആറാം ജന്മദിനത്തിൽ ഷോപ്പിംഗിനായി ഡൽഹിയിലെ തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റിൽ എത്തിയതായിരുന്നു ആ കുടുംബം. പെൺകുട്ടിയോടൊപ്പം അച്ഛനും അമ്മയും മൂന്നു വയസ്സും ആറു മാസവും പ്രായമുള്ള മറ്റു രണ്ടു കുട്ടികളും രണ്ടു ബന്ധുക്കളും ഉണ്ടായിരുന്നു. അവർ ഷോപ്പിങ്ങിനായി വിവിധ കടകളിൽ കയറിയിറങ്ങുകയായിരുന്നു. കുറെ കഴിഞ്ഞ് വിശാൽ മാവ ഭണ്ഡാരിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന മകളെ കാണാനില്ലെന്ന് അച്ഛനും അമ്മയും മനസ്സിലാക്കി. തങ്ങളുടെ കൈയിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളും ജന്മദിന സമ്മാനങ്ങളുമായി പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ അന്വേഷിച്ച് അവിടെയുള്ള കടകളിൽ അലഞ്ഞു നടന്നു.
advertisement
തെരച്ചിലിനിടയിൽ അവർ ഹെഡ് കോൺസ്റ്റബിൾമാരായ ഭരത്തിന്റെയും ബിന്ദേന്ദറിന്റെയും അടുത്തെത്തി സംഭവത്തെക്കുറിച്ച് പറഞ്ഞു. ഹെഡ് കോൺസ്റ്റബിൾമാർ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു. കടയുടമകളും പോലീസ് ഉദ്യോഗസ്ഥരും പ്രാദേശിക സ്ഥാപനങ്ങളിലെ ആളുകളും ഉൾപ്പെടുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ കാണാതായ പെൺകുട്ടിയുടെ വിശദാംശങ്ങൾ അയച്ചു. കുട്ടിയെ നഷ്ട്ടപ്പെട്ടതായുള്ള വിവരം സമീപ പ്രദേശത്തുള്ളവരെ ഉച്ചഭാഷിണികളിലൂടെയും അറിയിച്ചു. അവിടുത്തെ കടയുടമകളും വിൽപ്പനക്കാരും അന്വേഷണത്തിൽ സഹകരിച്ചു.
"പെൺകുട്ടിയെ കണ്ടെത്താൻ ഞങ്ങളുടെ പ്രാദേശിക ശൃംഖലയെ വിന്യസിച്ചു. രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിന് ശേഷം ഞങ്ങൾ പെൺകുട്ടിയെ കണ്ടെത്തി", ഡിസംബർ 7 ന് നടന്ന സംഭവം ഓർത്തുകൊണ്ട് ഹെഡ് കോൺസ്റ്റബിൾ ഭരത്ത് പറയുന്നു. ശിഷ് ഗഞ്ച് ഗുരുദ്വാരയിലെ അംഗങ്ങളാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. തുടർന്ന് പെൺകുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിൽ ഏൽപ്പിച്ചു. സന്തോഷത്തോടെ കുട്ടിയുടെ ജന്മദിനം ആഘോഷിക്കാനായി അവർ മടങ്ങിപ്പോയി. ഡൽഹിയിലെ മനുഷ്യക്കടത്ത് കേസുകൾ പരിഹരിക്കുന്നതിനും കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും ഡൽഹി പോലീസ് പ്രത്യേക ഊന്നൽ നല്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു.