പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (PMML) സൂക്ഷിച്ചിരുന്ന നെഹ്‌റുവിന്റെ രേഖകൾ അടങ്ങിയ 51 കാർട്ടണുകൾ 2008-ൽ നെഹ്‌റു-ഗാന്ധി കുടുംബം തിരികെ എടുത്തതായും, അവ ഇതുവരെ മടക്കിനൽകിയിട്ടില്ലെന്നും കേന്ദ്രം ആരോപിക്കുന്നു. ജവഹർലാൽ നെഹ്‌റുവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ ഉണ്ടാകേണ്ടത് പൊതു ആർക്കൈവുകളിലാണന്നും, അടച്ചിട്ട മുറികൾക്കുള്ളിലല്ലെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് സോണിയ ഗാന്ധിയെ പരസ്യമായി വിമർശിച്ചുകൊണ്ട് വ്യക്തമാക്കി.
2008ൽ എടുത്തുമാറ്റിയ രേഖകൾ അടിയന്തരമായി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറിയിലേക്ക് (PMML) തിരികെ നൽകണമെന്ന് മന്ത്രി ഷെഖാവത്ത് പറഞ്ഞു. ഗവേഷകരും ചരിത്രപഠിതാക്കളും പൊതുജനങ്ങളും ഉപയോഗിക്കേണ്ട ദേശീയ പ്രാധാന്യമുള്ള രേഖകളാണ് ഇവയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
advertisement
ഷെഖാവത്ത് എക്‌സിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിൽ വ്യക്തമാക്കുന്നത് ഇങ്ങനെ ; "ഇതൊരു സാധാരണ വിഷയമല്ല. ചരിത്രത്തെ നമുക്ക് ഇഷ്ടമുള്ള രീതിയിൽ മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കാൻ കഴിയില്ല. സുതാര്യതയാണ് ജനാധിപത്യത്തിന്റെ അടിത്തറ. ആർക്കൈവുകൾ തുറന്നുകൊടുക്കുക എന്നത് അതിന്റെ ധാർമ്മികമായ ബാധ്യതയാണ്; അത് നടപ്പിലാക്കാൻ മിസ്സിസ് (സോണിയ )ഗാന്ധിയും 'കുടുംബവും' തയ്യാറാകണം," പൊതുസ്വത്ത് എന്ന നിലയിൽ രാജ്യത്തിന്റെ ചരിത്ര പൈതൃകമായ ഈ രേഖകൾ സ്വകാര്യമായി സൂക്ഷിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന ഡൽഹിയിലെ തീൻ മൂർത്തി ഭവൻ മരണാനന്തരം നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി' (NMML) ആയി മാറ്റുകയായിരുന്നു, പുസ്തകങ്ങളുടെയും അപൂർവ്വ രേഖകളുടെയും വലിയൊരു ശേഖരം അവിടെ സൂക്ഷിക്കുകയും ചെയ്തു. 2023-ലാണ് എൻഎംഎംഎൽ ന്റെ പേര് 'പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി' (PMML) എന്നാക്കി മാറ്റിയത്.
നെഹ്‌റുവിന്റെ രേഖകളെച്ചൊല്ലി ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് സോണിയ ഗാന്ധി തിരികെ കൊണ്ടുപോയ ഈ രേഖകൾ വീണ്ടെടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ കേന്ദ്രസർക്കാർ ശക്തമാക്കിയിരിക്കുന്നത്. രേഖകൾ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിയുടെ ഓഫീസിലേക്ക് കേന്ദ്ര സർക്കാർ രണ്ട് കത്തുകൾ അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂല പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതാണ് വിഷയത്തെ വീണ്ടും രാഷ്ട്രീയ വിവാദത്തിലേക്ക് നയിച്ചത്. കോൺഗ്രസ് നേതൃത്വം കേന്ദ്രത്തിന്റെ ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ചെങ്കിലും രേഖകൾ പൊതുസമൂഹത്തിന് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയാണ് കേന്ദ്ര സർക്കാർ ഉയർത്തുന്നത്.
'രേഖകൾ കാണാതായതല്ല'
പാർലമെന്റിൽ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പക്കലുള്ള രേഖകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഡിസംബർ 15-ന് നൽകിയ രേഖാമൂലമുള്ള വിശദീകരണത്തിന് പിന്നാലെയാണ് ഈ നീക്കം. 2025-ലെ വാർഷിക പരിശോധനയിൽ ജവഹർലാൽ നെഹ്‌റുവുമായി ബന്ധപ്പെട്ട രേഖകളൊന്നും മ്യൂസിയത്തിൽ നിന്ന് കാണാതായതായിട്ടില്ലന്നാണ് ഷെഖാവത്ത് ഒരു ചോദ്യത്തിന് മറുപടി നൽകിയത്.
രേഖകളുടെ കൃത്യമായ അവസ്ഥയെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുന്നതിനായി അദ്ദേഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെക്കുകയായിരുന്നു.ആ കുറിപ്പിൽ പറയുന്നത് രേഖകൾ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറിയിൽ നിന്ന് 'കാണാതായിട്ടില്ല' എന്നാണ്. കാരണം 'കാണാതായി' എന്ന് പറഞ്ഞാൽ 'എവിടെയാണെന്ന് അറിയില്ല' എന്നാണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യഥാർത്ഥത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ രേഖകൾ അടങ്ങിയ 51 കാർട്ടണുകൾ 2008-ൽ കുടുംബം ഔദ്യോഗികമായി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറിയിൽ നിന്ന് തിരികെ കൊണ്ടുപോയതാണന്നും അവ 'എവിടെയാണെന്ന് കൃത്യമായി അറിയാമെന്നും' അദ്ദേഹം പറഞ്ഞു.
ഒരു അഭ്യർത്ഥന പ്രകാരം 2008-ൽ ഈ രേഖകൾ ഔദ്യോഗികമായി കൈമാറിയതാണെന്നും ഇതിന്റെ റെക്കോർഡുകളും കാറ്റലോഗുകളും PMML സൂക്ഷിക്കുന്നുണ്ടെന്നും ഷെഖാവത്ത് വ്യക്തമാക്കി. യുപിഎ ഭരണകാലത്താണ് രേഖകൾ മാറ്റിയത് എന്നും ആ സമയത്ത് "പൊതു സ്ഥാപനങ്ങൾ പലപ്പോഴും കുടുംബ സ്വത്തായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്" എന്നും മന്ത്രി ഷെഖാവത്ത് അദ്ദേഹം കൂട്ടിച്ചേർത്തു.
'പൈതൃകം സ്വകാര്യ സ്വത്തല്ല'
നെഹ്രുവിനെക്കുറിച്ചുള്ള രേഖകൾ "രാജ്യത്തിന്റെ ചരിത്ര പൈതൃകത്തിന്റെ ഭാഗമാണെന്നും അല്ലാതെ സ്വകാര്യ സ്വത്തല്ലെന്നും" കേന്ദ്ര സാംസ്കാരിക മന്ത്രാലയവും വ്യക്തമാക്കി. ഈ രേഖകൾ PMML-ന്റെ കസ്റ്റഡിയിൽ ഇരിക്കേണ്ടതും ഗവേഷണത്തിനായി പൗരന്മാർക്കും പണ്ഡിതർക്കും ലഭ്യമാക്കേണ്ടതും അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം പറഞ്ഞു.
രേഖകൾ തന്റെ കൈവശമുണ്ടെന്ന് സോണിയ ഗാന്ധി രേഖാമൂലം സമ്മതിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷെഖാവത്ത് പറഞ്ഞു. എന്നാൽ, 2025 ജനുവരിയിലും ജൂലൈയിലും നൽകിയ ഏറ്റവും പുതിയ കത്തുകൾ ഉൾപ്പെടെ, PMML-ൽ നിന്ന് പലതവണ ആവശ്യപ്പെട്ടിട്ടും" രേഖകൾ ഇതുവരെ തിരികെ നൽകിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
