തെലങ്കാനയിലെ ജനങ്ങൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നതിന് പിന്നിൽ സോണിയ ഗാന്ധിയുടെ നിർണായക പങ്കും ത്യാഗമാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ശനിയാഴ്ച ഹൈദരാബാദിലെ ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ സർക്കാർ സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 9 ന് സോണിയ ഗാന്ധിയുടെ ജന്മദിനവുമായി ബന്ധപ്പെടുത്തി കോൺഗ്രസിനും തെലങ്കാനയ്ക്കും ഡിസംബർ ഒരു "അത്ഭുത മാസം" ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.
advertisement
അതേസമയം മുഖ്യമന്ത്രി അനുചിതമായ താരതമ്യങ്ങൾ നടത്തിയെന്നും ഒരു മതപരമായ ഉത്സവത്തെ രാഷ്ട്രീയവൽക്കരിച്ചെന്നും ബിജെപി വിമർശിച്ചു. സോണിയ ഗാന്ധി ഒരിക്കലും ഹിന്ദു വിശ്വാസങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. ജന്മനാ സ്വീകരിച്ച മതമായ ക്രിസ്തുമതം അവർ ഇപ്പോഴും പിന്തുടരുന്നു. അധികാരത്തിലിരുന്നപ്പോൾ ജൻപഥിലെ അവരുടെ വസതിയിൽ ക്രിസ്മസ് ആഘോഷിച്ചിരുന്നു, എന്നാൽ ദീപാവലി ആഘോഷിച്ചിരുന്നില്ലെന്നും ബിജെപി വക്താവ് ആർ.പി. സിംഗ് പറഞ്ഞു. എല്ലാവരും അവരവരുടെ വിശ്വാസങ്ങൾ പാലിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇങ്ങനെ പരാമർശം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെഡ്ഡിയുടെ പരാമർശം നെഹ്‌റു-ഗാന്ധി കുടുംബത്തെ പ്രീതിപ്പെടുത്താനാണെന്ന് മറ്റൊരു ബിജെപി വക്താവ് നളിൻ കോഹ്‌ലി പറഞ്ഞു. കോൺഗ്രസ് പാർട്ടിയിലെ എല്ലാവരും നെഹ്‌റു-ഗാന്ധി കുടുംബത്തെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് ആർക്കും മനസിലാകുന്ന കാര്യമാണെന്നും കോൺഗ്രസ് പാർട്ടിയും നേതാക്കളും മുസ്ലീങ്ങളെയോ ക്രിസ്ത്യാനികളെയോ വോട്ട് ബാങ്കായി മാത്രം നോക്കുന്നത് എന്തുകൊണ്ടാണെന്നും കോഹ്‌ലി ചോദിച്ചു. എന്നാൽ മുഖ്യമന്ത്രിയോ കോൺഗ്രസ് പാർട്ടിയോ വിമർശനങ്ങളോട് പ്രതികിച്ചില്ല.
